Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ചെകുത്താനും ‌ കടലിനുമിടയിൽ: മന്ത്രി കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്നു സംസ്ഥാന സർക്കാർ ചെകുത്താനും കടലിനുമിടയിലാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്റെ ശക്തമായ സമ്മർദം ഒരു ഭാഗത്ത്. മറുഭാഗത്ത് ബിജെപി ഭക്തജനവേഷത്തിൽ നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. ഈ രണ്ടിനെയും സമരസപ്പെടുത്തിക്കൊണ്ടുപോവുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണു സർക്കാർ നിർവഹിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

പ്രതിഷേധം അവസാനിക്കണമെങ്കിൽ ബിജെപിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വം തീരുമാനിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് ഈ പ്രതിഷേധം. തിരഞ്ഞെടുപ്പ് ഘട്ടം വരെ പ്രശ്നം ഊതിവീർപ്പിച്ചു കൊണ്ടുപോകാനാണ് അവരുടെ ആഗ്രഹം. അതുകൊണ്ടു സമവായത്തിനു സാധ്യതയില്ല. ശബരിമലയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അതിക്രമം പേടിച്ചു രാത്രി തിരികെപ്പോന്നതു ഫാഷിസം അതിന്റെ നഗ്നമായ രൂപത്തിൽ അഴിഞ്ഞാടുന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.