Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ വെട്ടിലാക്കാനുള്ള രാഷ്ട്രീയ സാധ്യത പരിഗണിച്ച് എൽഡിഎഫ്; വരുമോ കേന്ദ്രസേന?

sabarimala

തിരുവനന്തപുരം ∙ ശബരിമലയിൽ സ്ഥിതി ഗുരുതരമാകുന്നതു ചൂണ്ടിക്കാട്ടി കേന്ദ്രസേനയുടെ സഹായം തേടണമെന്ന അഭിപ്രായം ഇടതുമുന്നണി പരിഗണിക്കുന്നു. സർക്കാർ തലത്തിൽ തീരുമാനമായിട്ടില്ലെങ്കിലും അതിനു ശ്രമിച്ചാലുള്ള  രാഷ്ട്രീയസാധ്യത സംബന്ധിച്ചു സിപിഎമ്മും സിപിഐയും ആശയവിനിമയം നടത്തി. ബിജെപിയെ വെട്ടിലാക്കാൻ നീക്കത്തിലൂടെ കഴിയുമെന്നാണു ചിന്ത.

കേന്ദ്രസർക്കാരിന്റെ സേനയെ ശബരിമലയിൽ വിന്യസിച്ചാൽ അതു ബിജെപി നേതൃത്വത്തിലുള്ള പ്രതിഷേധത്തെ നിർവീര്യമാക്കുമെന്നാണു വാദം. ദേവസ്വം ബോർഡിന്റെ സാവകാശ ഹർജിയിൽ സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞിട്ടു കൂടുതൽ ചർച്ചയാകാമെന്നാണു ധാരണ. യുവതീപ്രവേശവിധി നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണു ബിജെപിയും സംഘപരിവാർ സംഘടനകളും. അങ്ങനെയുണ്ടായാൽ കേരളമാകെ സ്തംഭിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെ നേരിടാനുള്ളതു പൊലീസ് മാത്രം. സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന സാഹചര്യമായാൽ എന്തുകൊണ്ടു കേന്ദ്രസേനയെ വിളിക്കാൻ മടിക്കണമെന്ന ചോദ്യമാണ് ഉയരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ഇതിന് അടിസ്ഥാനമാക്കണമെന്ന് ഈ വാദത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിൽ വേണ്ട മുൻകരുതലും ക്രമസമാധാനപാലന, സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്നായിരുന്നു യുവതീപ്രവേശവിധി വന്നതിനെത്തുടർന്നുള്ള കത്തിലെ നിർദേശം. തുലാമാസപൂജയ്ക്കു നട തുറന്നപ്പോഴത്തെ സംഘർഷത്തിനിടെ സംസ്ഥാനസർക്കാർ ഇതു പുറത്തുവിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ ഇതു വീണ്ടും ഓർമിച്ചത് യാദൃച്ഛികമായല്ല.

ദേശവിരുദ്ധ നീക്കങ്ങൾ, അതിർത്തിപ്രശ്നങ്ങൾ, തിരഞ്ഞെടുപ്പു സംഘർഷങ്ങൾ തുടങ്ങി അതീവ ഗുരുതര സാഹചര്യങ്ങളിലാണു സാധാരണ കേന്ദ്രസേനയുടെ വരവ്. സംസ്ഥാന പൊലീസിനു പകരമായി കരുതി കേന്ദ്രസേനയുടെ സേവനം തേടരുതെന്ന് ആഭ്യന്തരമന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ളതും കണക്കിലെടുക്കേണ്ടിവരും. പൊലീസ് പരാജയപ്പെട്ടെന്ന വ്യാഖ്യാനവും ഉയരാം. പ്രളയവേളയിൽ പോലും കേന്ദ്രസേനയുടെ സേവനം സർക്കാർ ആദ്യം തേടിയില്ലെന്നു കോൺഗ്രസും ബിജെപിയും കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം പരിശോധിച്ചും രാഷ്ട്രീയ സാധ്യതകൾ കണക്കിലെടുത്തുമേ അന്തിമതീരുമാനമെടുക്കൂ.