Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കുലർ വിവാദം: ബിജെപിയിൽ അന്വേഷണം

sabarimala-protest-bjp-circular

തിരുവനന്തപുരം ∙ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടു സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പേരിലുള്ള സർക്കുലർ പുറത്തായതിനെക്കുറിച്ചു ബിജെപിയിൽ ആഭ്യന്തര അന്വേഷണം. ഡിസംബർ 15 വരെ ആസൂത്രണം ചെയ്ത പരിപാടികളുടെ വിശദാംശങ്ങളാണു പുറത്തായത്.

സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ ബിജെപിയെ തിരിച്ചാക്രമിക്കാൻ ലഭിച്ച ആയുധമായാണു സിപിഎം ഇതിനെ കാണുന്നത്. സർക്കുലറുമായാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മാധ്യമപ്രവർത്തകരെ കണ്ടത്. ശബരിമലയിൽ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ആസൂത്രിതമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നതിനു തെളിവായി അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിലും ഇതു ഹാജരാക്കി. 

സർക്കുലർ പുറത്തുവിട്ടതു ബിജെപിയിലെ ഒരു വിഭാഗം നേതാക്കളാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ഇതേക്കുറിച്ചു പ്രതികരിച്ചില്ല. അതേസമയം വക്താവ് എം.എസ്. കുമാർ ആരോപണം നിഷേധിച്ചു. സർക്കുലറുകൾ പുറത്തിറക്കുന്നതു സാധാരണഗതിയിൽ സംഘടനാ സെക്രട്ടറി എം.ഗണേഷാണ്. പതിവിനു വിരുദ്ധമായി എ.എൻ. രാധാകൃഷ്ണന്റെ പേരിൽ പുറത്തുവന്നതിൽ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.