Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു: മുനവ്വറലി തങ്ങൾ

മലപ്പുറം ∙ ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽപറത്തിയും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം നിരാകരിച്ചുമാണു വർഗീയ ഫാഷിസ്‌റ്റ് ശക്‌തികൾ നയിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്നു നിലനിൽക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. ലോക രാജ്യങ്ങളിൽനിന്ന് ഇന്ത്യയെ വിഭിന്നമാക്കുന്നത് മതനിരപേക്ഷ ബഹുസ്വരതയുടെയും ജനാധിപത്യ സംസ്‌കാരത്തിന്റെയും പാരമ്പര്യമാണ്. കേന്ദ്ര സർക്കാർ ഇതിനു മങ്ങലേൽപിച്ചിരിക്കുന്നു. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്ന വർഗീയ രാഷ്‌ട്രീയ ശക്‌തികൾ രാജ്യത്തു പിടിമുറുക്കുകയാണ്.

ജാതിമത വിവേചനങ്ങളുടെ പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന കാഴ്‌ച രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. വസ്‌ത്രധാരണത്തിന്റെയും ഭക്ഷണശീലങ്ങളുടെയും പേരിൽ ന്യൂനപക്ഷ സമൂഹങ്ങളിലെ നൂറുകണക്കിനു നിരപരാധികൾക്കു ജീവൻ നഷ്‌ടപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങൾക്കു പോലും ജീവനും മാനവും നഷ്‌ടപ്പെടുന്നു. ഭരണകൂട അനീതികൾക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാസാംസ്‌കാരിക പ്രവർത്തകരെയും മനുഷ്യാവകാശ പൗരാവകാശ പ്രവർത്തകരെയും കൊന്നൊടുക്കുകയോ ജയിലിലടയ്‌ക്കുകയോ ചെയ്യുന്നു. ജമ്മു കശ്‌മീരിൽ പ്രതിപക്ഷ കക്ഷികൾക്കു ഭൂരിപക്ഷമുള്ള നിയമസഭ പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ അതിന്റെ ജനാധിപത്യ വിരുദ്ധത ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

യൂത്ത് ലീഗ് യുവജനയാത്ര ഇന്ന് കാസർകോട്ട് തുടങ്ങും

ബിജെപി സർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്ര ഇന്ന് 3ന് കാസർകോട്ട് ആരംഭിക്കും. ഡിസംബർ 24ന് തിരുവനന്തപുരം വഴുതക്കാട്ട് സമാപിക്കും. സമാപനസമ്മേളനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. മുനവ്വറലി ശിഹാബ് തങ്ങൾ യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷനായ ശേഷം നടത്തുന്ന ആദ്യ സംസ്ഥാന ജാഥയാണിത്.