Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസ്‍ലിം യൂത്ത് ലീഗ് യുവജന യാത്ര മഞ്ചേശ്വരത്ത് തുടങ്ങി

മഞ്ചേശ്വരം (കാസർകോട്)∙ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ‌പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര മഞ്ചേശ്വരം ഉദ്യാവറിൽ തുടങ്ങി. ‘വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സർക്കാരുകൾക്കെതിരേ’ എന്ന മുദ്രാവാക്യമുയർത്തുന്ന യാത്ര മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

രാജ്യം ആർക്കും തീറെഴുതി നൽകിയിട്ടില്ലെന്നു വർഗീയ ഭരണാധികാരികൾക്കു മനസ്സിലാക്കി നൽകാനാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രചേദനമായിരിക്കണം ഇത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും മുഖഛായ മാറ്റാൻ യുവത്വത്തിനേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജെ.പരമേശ്വര മുഖ്യാതിഥിയായി.

മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.വി.അബ്ദുൽ വഹാബ്, അബ്ദുസമദ് സമദാനി, കെ.പി.എ.മജീദ്, എം.കെ.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു. മുസ്‍ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ട്രഷറർ എം.എ.സമദ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരാണു മറ്റു ജാഥാ നേതാക്കൾ. ഒട്ടേറെ മുസ്‍ലിം ലീഗ് – കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത ഉദ്ഘാടന സമ്മേളനം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

ഇന്നു രാവിലെ എട്ടിനു കാസർകോട് കുമ്പളയിൽ പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന യാത്രയുടെ ആദ്യ ദിവസത്തെ സമാപനം വൈകിട്ട് ആറിനു നായന്മാർമൂലയിൽ നടക്കും. ഓരോ ദിവസവും 18 കിലോമീറ്ററോളം കാൽനടയായി നടത്തുന്ന യാത്ര ഡിസംബർ 24നു തിരുവനന്തപുരത്തു സമാപിക്കും.