Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ സ്ത്രീയെ അടിമയാക്കുന്നവർക്ക് എതിരെ മാത്രം: മുഖ്യമന്ത്രി

ldf എൽഡിഎഫ് മഹാ ബഹുജന സംഗമം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

ആലപ്പുഴ ∙ ജനുവരി ഒന്നിനു സൃഷ്ടിക്കുന്ന വനിതാ മതിൽ ഏതെങ്കിലും വിഭാഗത്തിന് എതിരെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ആണുതാനും. അതാണു പ്രത്യേകത. അതു സ്ത്രീയെ അടിമയാക്കുന്നവർക്കെതിരെ തന്നെയാണ്, സംശയമില്ല–എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.

കേരള നവോത്ഥാനത്തിനു നേതൃത്വം കൊടുത്ത ചില സംഘടനകൾ ഇന്നുമുണ്ട്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടതു പ്രധാനമായതിനാലാണ് ആ സംഘടനകളുടെ യോഗം വിളിച്ച്, എന്താണു ചെയ്യേണ്ടതെന്നു ചിന്തിച്ചത്. 190 സംഘടനകളുടെ പ്രതിനിധികളെ വിളിച്ചു. 170 പേർ പങ്കെടുത്തു. നവോത്ഥാന മൂല്യം സംരക്ഷിക്കാൻ വലിയ കൂട്ടായ്മകൾ വേണമെന്നാണ് എല്ലാവരും പറഞ്ഞത്. വനിതാ മതിൽ സൃഷ്ടിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്–മുഖ്യമന്ത്രി പറഞ്ഞു.

സഭാതർക്കം സംബന്ധിച്ച വിധി നടപ്പാക്കാൻ സാവകാശം വേണം. ഇല്ലെങ്കിൽ ചില പ്രശ്നങ്ങളുണ്ടാകും. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിവഗിരിയിലുണ്ടായ പ്രശ്നം ഉദാഹരണം. സമവായത്തിനു മുൻതൂക്കം നൽകാൻ പറ്റുമോ എന്നു നോക്കി. ഒരു രീതിയിൽ സുപ്രീം കോടതിയും അതു സമ്മതിച്ചതാണ്. വിധി നടപ്പാക്കണം. ക്രമസമാധാന പ്രശ്നമാകുകയും ചെയ്യരുത്. സാവകാശം എടുക്കാവുന്ന വിഷയങ്ങളിൽ എടുക്കണം. ശബരിമലയിൽ മൗലികാവകാശമാണു പ്രശ്നം. നിങ്ങൾക്കു മൗലികാവകാശമില്ല, കുറച്ചു കഴിയട്ടെ, അവകാശം തരാമോ എന്നു നോക്കട്ടെ എന്നു പറയാനാകുമോ? അത് എല്ലാവർക്കും ബോധ്യമായതാണ്.

തന്ത്രിക്കും രാജകുടുംബത്തിനുമൊക്കെയായിരുന്നു വ്യത്യസ്ത അഭിപ്രായം. മണ്ഡലകാലത്തിനു മുൻപു വിളിച്ചു സംസാരിച്ചപ്പോൾ അവർക്കും കാര്യങ്ങൾ മനസ്സിലായെന്നാണ് എന്റെ ധാരണ. ശബരിമലയിൽനിന്ന് ഇറങ്ങേണ്ടിവന്നവർ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്. നാട് അത് അംഗീകരിക്കില്ല. ഹനുമാൻ പർവതമെടുത്തതു പോലെ ശബരിമലയെടുത്ത് അമ്മാനമാടുമെന്നു പറഞ്ഞവർക്ക് ഇറങ്ങിപ്പോരേണ്ടിവന്നു. ശബരിമല പിടിച്ചടക്കാൻ പറ്റില്ല. അവിടെ ദേവസ്വം ബോർഡ് ഭരിക്കും–മുഖ്യമന്ത്രി പറഞ്ഞു.