Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയിൽ പണിമുടക്കിയവർക്കെതിരെ നടപടി: ഒരു മാസത്തിനകം തീരുമാനിക്കണം

കൊച്ചി∙ കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന പരാതിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. നടപടി സ്വീകരിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ഒക്ടോബർ 16നു നടന്ന മിന്നൽ പണിമുടക്കിൽ 102 ജീവനക്കാർ പങ്കെടുത്തു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലാ സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ നൽകിയ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. നടപടിയാവശ്യപ്പെട്ടു ഹർജിക്കാർ കെഎസ്ആർടിസിക്കു പരാതി നൽകിയിരുന്നു.

നടപടിയെടുക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നിർദേശവും മറുപടിയും കാത്തിരിക്കുകയാണെന്ന് കെഎസ്ആർടിസി ഡപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന വിശദീകരണം നൽകി. 1.5 കോടി രൂപയാണു മിന്നൽ പണിമുടക്കിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം. സമരത്തിന് ആഹ്വാനം ചെയ്തവരും പങ്കെടുത്തവരും അച്ചടക്ക നടപടി നേരിടേണ്ടതാണ്. സമരംമൂലമുണ്ടായ നഷ്ടത്തിനു സമരക്കാർ ഉത്തരവാദികളാണ്. സമരത്തിൽ പങ്കെടുത്ത സമയത്തെ ശമ്പളത്തിനു ജീവനക്കാർ അർഹരല്ല. നടപടിക്കാര്യത്തിൽ അനുമതി തേടി സർക്കാരിനു കത്തയച്ചുവെന്നും കെഎസ്ആർടിസി അറിയിച്ചു.

related stories