Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതികളെ കയറ്റാമായിരുന്നു, ഞങ്ങൾക്കു താൽപര്യമില്ല: കടകംപള്ളി

kadakampally ശബരിമല സന്നിധാനത്ത് മണ്ഡലപൂജ സമയത്ത് ശ്രീകോവിലിനു മുന്നിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ശബരിമല ∙ സർക്കാരിനു വേണമെങ്കിൽ എപ്പോഴേ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായിരുന്നുവെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇവിടെയുള്ള ചട്ടമ്പികളെ പേടിച്ചല്ല അതു വേണ്ടെന്നു വച്ചത്, താൽപര്യം ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

യുവതീപ്രവേശ വിഷയത്തിൽ ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷണ സമിതി ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന വിമർശനം തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഹൈക്കോടതിക്കു പകരമായാണ് ഈ ഉന്നത സമിതിയെ കാണുന്നത്. അത്തരം അധികാരങ്ങളൊന്നുമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയാൽ തിരുത്താം.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അക്രമവും തെറ്റായ പ്രചാരണങ്ങളുമാണു തീർഥാടകർ കുറയാൻ കാരണമായത്. സുപ്രീം കോടതി വിധി നിലനിൽക്കുന്നിടത്തോളം കാലം യുവതികൾ ഇനിയും വരാം. അത് ഒരു വിഭാഗം വിശ്വാസികൾക്ക് അരോചകമാണെന്നു ചിന്തിക്കുന്നവരുണ്ടാകാം. അതല്ല എന്തു വന്നാലും പോകണമെന്ന നിലപാടുള്ളവരുമുണ്ട്. അത് അവരുടെ മനോഭാവമാണ്.

പ്രതിസന്ധികൾക്കിടയിലും തീർഥാടകർക്കു പരാതിയില്ലാതെയാണു മണ്ഡലകാലം സമാപിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പ്രളയശേഷം അതിവേഗം മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ സാധിച്ചു. നിലയ്ക്കലിൽ അടുത്ത തീർഥാടന കാലത്തിനു മുൻപു സ്ഥിരം ആശുപത്രി സ്ഥാപിക്കും. കേന്ദ്ര വനനിയമം മൂലമാണു പമ്പയിലെ മണൽ നീക്കി പുഴ പുനരുജ്ജീവിപ്പിക്കാനാവാത്തത്. അക്കാര്യത്തിൽ കേന്ദ്രത്തെക്കൊണ്ട് അനുകൂല നിലപാട് എടുപ്പിക്കാൻ ശ്രമിക്കണമെന്നു ബിജെപിയോട് അഭ്യർഥിക്കുകയാണെന്നും പറഞ്ഞു.