Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യം കാത്തിരിക്കുന്നു, മറുപടി വേണം: മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി രാഹുൽ

Modi-Rahul നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ കശ്മീരിലെ കഠ്‌വ, യുപിയിലെ ഉന്നാവ് എന്നിവിടങ്ങളിൽ പെൺകുട്ടികൾക്കു നേരെയുണ്ടായ ക്രൂരതയ്ക്കെതിരെ ദേശീയ വ്യാപകമായി പ്രതിഷേധമിരമ്പുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി തുടരുന്ന നിശബ്ദത സ്വീകാര്യമല്ല എന്ന പ്രഖ്യാപനത്തോടെയാണു ചോദ്യങ്ങൾ ഉയർത്തിയുള്ള രാഹുലിന്റെ രംഗപ്രവേശം.

ട്വിറ്ററിലൂടെ രാഹുൽ പ്രധാനമന്ത്രിക്കു മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങളിങ്ങനെ: 

1. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്?

2. കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്?

ചോദ്യങ്ങൾക്കൊടുവിൽ, മറുപടിക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും രാഹുൽ കുറിച്ചിട്ടുണ്ട്. #SpeakUp എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

നേരത്തെ, ഉന്നാവിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചു പ്രധാനമന്ത്രി ദീർഘമൗനം തുടരുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് കപിൽ സിബലും രംഗത്തെത്തിയിരുന്നു. പാർലമെന്റ് സ്തംഭനത്തിന്റെ പേരിൽ പ്രതിപക്ഷത്തിനു നേരെ വിരൽചൂണ്ടി ബിജെപി നടത്തുന്ന ഉപവാസം നിരർഥകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തു വ്യാപകമാകുന്ന സ്ത്രീപീഡനത്തിൽ പ്രതിഷേധിക്കാനാണു പ്രധാനമന്ത്രി ഉപവസിക്കേണ്ടതെന്നും സിബൽ അഭിപ്രായപ്പെട്ടു. 

അതേസമയം, കശ്മീരിലെ കഠ്‌വയിലും യുപിയിലെ ഉന്നാവിലും പെൺകുട്ടികൾ ആക്രമിക്കപ്പെട്ട സംഭവം രാജ്യമെങ്ങും വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. വനിതാ, വിദ്യാർഥി സംഘടനാ പ്രവർത്തകർക്കൊപ്പം സിനിമ, കായിക താരങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. കഠ്‍വ, ഉന്നാവ് കേസുകളിൽ പ്രതിഷേധിച്ചു വനിതാ, വിദ്യാർഥി സംഘടനകൾ ‍ഡൽഹിയിൽ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയുടെ പേർ ‘ബേട്ടി ബഛാവോ’ എന്നതിനു പകരം ‘ബലാത്കാരി ബഛാവോ’ എന്നാക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംവിട്ടു പ്രതികരിക്കാൻ തയാറാകണമെന്നും അവർ പറഞ്ഞു. സാനിയ മിർസ, അക്ഷയ് കുമാർ, ഫർഹാൻ അക്തർ, അഭിഷേക് ബച്ചൻ, സോനം കപൂർ, അർജുൻ കപൂർ, രൺവീർ ഷൂറി, റിച്ച ഛദ്ദ, ദിയ മിർസ തുടങ്ങിയ പ്രമുഖർ സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധത്തിൽ പങ്കുചേർന്നു. തുടർ മാനഭംഗങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റതായി അവർ ആരോപിച്ചു. 2012 ഡിസംബറിലെ നിർഭയ മാനഭംഗ–കൊലപാതക കേസിലും രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമായിരുന്നു.

related stories