Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നേതൃത്വം ദുർബലം; മോദിയും യോഗിയും ഉത്തരേന്ത്യൻ ‘ഇറക്കുമതികളെ’ന്നും സിദ്ധരാമയ്യ

siddaramaiah-modi കർണാടക മുഖ്യമന്ത്രി എൻ. സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു∙ ബിജെപി കർണാടക സംസ്ഥാന നേതൃത്വത്തിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. മേയ് 12നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പോലുള്ള ഉത്തരേന്ത്യക്കാരെ സംസ്ഥാനത്തേക്ക് ‘ഇറക്കുമതി’ ചെയ്യുകയാണ് ബിജെപിയെന്നു സിദ്ധരാമയ്യ പരിഹസിച്ചു. ബിജെപിക്കു സംസ്ഥാനത്ത് ശക്തമായ നേതൃത്വമോ നേതാവോ ഇല്ല. അതുകൊണ്ടാണു പുറത്തുനിന്ന് നേതാക്കളെ ഇറക്കുമതി ചെയ്യുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെഡിയൂരപ്പ വെറും ഡമ്മി മാത്രമാണെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി വരുംപോകും. എന്നാൽ സംസ്ഥാനത്തെ മൽസരം ഞാനും യെഡിയൂരപ്പയും തമ്മിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്ന കാര്യം ബിജെപിക്കു നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിദ്ധരാമയ്യയുടെ 'ഇറക്കുമതി' പരാമർശത്തിനെതിരെ ബിജെപിയും രംഗത്തെത്തി. സിദ്ധരാമയ്യയുടെ പ്രസ്താവന വെറുപ്പുളവാക്കുന്നതാണെന്നു ബിജെപി പ്രതികരിച്ചു. വോട്ടർമാർ സിദ്ധരാമയ്യയെ തള്ളുമെന്ന ഭയംകാരണമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ബിജെപി വ്യക്തമാക്കി.

ഇറക്കുമതിയോ? താങ്കള്‍ക്ക് എത്രത്തോളം താഴാൻ കഴിയും മുഖ്യമന്ത്രി? ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും വിഭജിക്കാനുള്ള ശ്രമം വെറുപ്പുണ്ടാക്കുന്നതാണ്. സ്വന്തം മണ്ഡലമായ ചാമുണ്ഡേശ്വരിയിലുൾപ്പെടെ സിദ്ധരാമയ്യയെക്കാൾ ജനസമ്മതി പ്രധാനമന്ത്രി മോദിക്കാണെന്നു തിരിച്ചറിയുമ്പോഴുള്ള പൊട്ടിത്തെറിയുടെ ഭാഗമാണ് ഇതൊക്കെയെന്നും ബിജെപി ട്വിറ്ററിൽ വ്യക്തമാക്കി.

കിട്ടിയ അവസരത്തില്‍ കർണാടകയിൽ കോൺഗ്രസിന്റെ സംഘടനാ ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാലിനിട്ടും ബിജെപി കൊട്ടി. ഇറക്കുമതിയുടെ അർഥം മുഖ്യമന്ത്രിയെ ഞങ്ങൾ പഠിപ്പിക്കാം. കേസിൽപ്പെട്ട് ആരോപണ വിധേയനായ കെ.സി. വേണുഗോപാലിനെയാണ് കേരളത്തിൽ നിന്ന് കര്‍ണാടകയിലെത്തിച്ചതെന്നും സോളർ കേസിനെ ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശിച്ചു.

related stories