Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രചാരണച്ചൂടിനു വിട; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി നേപ്പാളിൽ

Modi-at-Nepal നേപ്പാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനക്പുർ–അയോധ്യ ബസ് സർവീസ് ഉദ്ഘാടനം ചെയ്യുന്നു. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ജനക്പുർ ∙ കർണാടകയിൽ ഒരാഴ്ച നീണ്ട ചൂടേറിയ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തിരശീല വീണതിനു പിന്നാലെ, ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ജനക്പുർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഔദ്യോഗിക ബഹുമതികളോടെ നേപ്പാൾ സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്നും ജാനക്പുരിലെ വിഖ്യാതമായ റാം ജനകി ക്ഷേത്രത്തിലെത്തിയ മോദിയെ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലി സ്വീകരിച്ചു.

ക്ഷേത്രത്തിലെ പ്രാർഥനയ്ക്കു ശേഷം പ്രധാനമന്ത്രി ജനക്പുർ–അയോധ്യ ബസ് സർവീസ് ഉദ്ഘാടനം െചയ്തു. ജനക്പുർ സന്ദർശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനക മഹാരാജാവിനും മാതാ ജാനകിക്കും ആദരമർപ്പിക്കാനാണ് താൻ ഇവിടെയെത്തിയത്. ജനക്പുരിലെ സന്ദർശനവേളയിൽ തന്നെ അനുഗമിച്ച നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിക്കും മോദി നന്ദി രേഖപ്പെടുത്തി.

തീർഥാടനം മുഖേനയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതിയായ രാമായണ സർക്യൂട്ടിന്റെ ഭാഗമാണ് പുതിയ ബസ് സർവീസ്. ജനക്പുരിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവീസിന്റെ ഉദ്ഘാടനം ചരിത്രനിമിഷമാണെന്ന് മോദി അഭിപ്രായപ്പെട്ടു.

ഇതിനു പിന്നാലെ പ്രധാനമന്ത്രി ജനക്പുരിൽ പൊതു റാലിയെ അഭിസംബോധന ചെയ്യും. ജനക്പുരിലെ ഔദ്യോഗിക പരിപാടികൾക്കു ശേഷം പ്രധാനമന്ത്രി നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിലേക്കു പോകും. അവിടെ ഒട്ടേറെ ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കും.

related stories