Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വീടുവീടാന്തരം മോദിയില്ല, ‘ബൈ ബൈ മോദി’: ആഞ്ഞടിച്ച് കോൺഗ്രസ്

Narendra-Modi പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ കർണാടകയിൽ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. എംഎൽഎമാരെ വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ചാക്കിട്ടു പിടിക്കാനും കുതിരക്കച്ചവടത്തിനും ബിജെപി നേതാക്കൾ നടത്തിയ ശ്രമങ്ങൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് മോദിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർക്ക് ബിജെപി കൈക്കൂലി വാഗ്ദാനം ചെയ്തതും അന്വേഷിക്കാൻ മോദി ഉത്തരവിടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുവഴി അഴിമതിക്കെതിരായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൽ ആവശ്യപ്പെട്ടു.

‘2014ൽ ഇന്ത്യയിൽ ‘ഖർ ഖർ മോദി’(വീടുവീടാന്തരം മോദി) എന്നായിരുന്നു തിരഞ്ഞെടുപ്പു മുദ്രാവാക്യം. എന്നാൽ 2019ൽ ഇത് ‘ബൈ ബൈ മോദി’ എന്നായിരിക്കും. ഇന്ന് കോൺഗ്രസ് സുഹൃത്തുക്കളെയാണുണ്ടാക്കുന്നത്. എൻഡിഎ ശത്രുക്കളെയും’– ജയ്‌വീർ പറഞ്ഞു.

ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് തീരുവ കൂട്ടി ജനങ്ങളുടെ 10 ലക്ഷം കോടി രൂപയാണ് കേന്ദ്രം തട്ടിയെടുത്തത്. കർണാടകയിലെ എംഎൽഎമാരെ ‘വേട്ടയാടിപ്പിടിക്കാനാണ്’ ഈ പണം ഉപയോഗിച്ചതെന്നും ജയ്‌വീർ ആരോപിച്ചു. പെട്രോൾ നികുതിയെല്ലാം നിലയില്ലാക്കയത്തിലേക്കാണു പോകുന്നത്. ആ കിണറിന്റെ പേരാണ് ബിജെപി. ആ പണമാണു സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും ബിജെപി ഉപയോഗിക്കുന്നത്.

കർണാടക തിരഞ്ഞെടുപ്പു കാലത്ത് പെട്രോൾ–ഡീസൽ വില വർധിപ്പിക്കാതിരുന്നത് വർഷം മുഴുവൻ നീട്ടണം. കർണാടകയിലെ തിരഞ്ഞെടുപ്പും സ്വന്തം സ്വാർഥതാൽപര്യങ്ങളും മുൻനിർത്തി പെട്രോൾ വില വർധിപ്പിക്കാതെ ഇടപെടാൻ മോദിക്ക് സാധിക്കുമെങ്കിൽ സാധാരണക്കാർക്കു വേണ്ടി എന്തു കൊണ്ടു വർഷം മുഴുവൻ അത് ചെയ്തുകൂടാ?

കേന്ദ്രഭരണത്തിൽ നിന്നു ബിജെപിയെ ഒഴിവാക്കാനും വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കാനും മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശമനുസരിച്ചു പാർട്ടി പ്രവർത്തിക്കണമെന്നും ജയ്‌വീർ വ്യക്തമാക്കി.

related stories