Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി നീളെ ‘അകമ്പടി’ പൊലീസ്; മുഖ്യമന്ത്രീ, അധികഭാരമാണ് ഈ വിഐപി ഡ്യൂട്ടി

Pinarayi-Vijayan-Police-Escort കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും എത്തിയപ്പോൾ(ഫയൽ ചിത്രം: മനോരമ)

കോട്ടയം∙ കനത്ത ജോലിഭാരത്തിനിടെ ‘വിഐപി ഡ്യൂട്ടി’ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു തലവേദനയാകുന്നു. പ്രണയ വിവാഹത്തെത്തുടര്‍ന്ന് കോട്ടയത്തു യുവാവ് കൊല്ലപ്പെട്ട സംഭവമാണ് വിഐപി ഡ്യൂട്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുന്നത്. വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്‍ പി.ജോസഫിന്റെ ബന്ധുക്കള്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ‘മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുണ്ട്, അതിന്റെ തിരക്കു കഴിഞ്ഞു നോക്കാം’ എന്നാണു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 

വിഐപി ഡ്യൂട്ടിയെക്കുറിച്ച് പൊലീസ് സേനയില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷ മാത്രമേ നല്‍കുന്നുള്ളൂവെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ സുരക്ഷാ ഡ്യൂട്ടിയുടെ പേരില്‍ കഷ്ടപ്പെടുകയാണെന്നു മറുവിഭാഗം പറയുന്നു. സംസ്ഥാനത്തു ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇസെഡ് കാറ്റഗറി സുരക്ഷയാണുള്ളത്.

കേന്ദ്ര–സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് സുരക്ഷാ ഭീഷണി അവലോകനം ചെയ്താണ് ഓരോ വിഭാഗത്തിലും സുരക്ഷ തീരുമാനിക്കുന്നത്. എസ്പിജി, എന്‍എസ്ജി, സിആര്‍പിഎഫ് സുരക്ഷയുള്ളവര്‍ സംസ്ഥാനത്തെത്തുമ്പോള്‍ കേന്ദ്രസുരക്ഷാ സേനകളുടെ നിര്‍ദേശം കൂടി പരിഗണിച്ചാണു സംസ്ഥാന സേനയെ വിന്യസിക്കുന്നത്.

ഇസെഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും മെഡിക്കല്‍ സംഘവും ഫയര്‍ഫോഴ്സും ആംബുലന്‍സുമെല്ലാം സജ്ജമായിരിക്കണം. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിലെല്ലാം ഈ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകാറുണ്ട്. സ്ഥിരം എസ്കോര്‍ട്ട് സംഘവും കമാന്‍ഡോ സുരക്ഷയും മുഖ്യമന്ത്രിക്ക് ഉണ്ട്. ഇതിനു പുറമേ ജില്ലകളിലെ പരിപാടികളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പ്രത്യേക സുരക്ഷാ പദ്ധതിയും തയാറാക്കാറുണ്ട്. ഓരോ സ്റ്റേഷനില്‍നിന്നും ഉദ്യോഗസ്ഥരെ ഈ സംഘത്തിലേക്കു വിന്യസിക്കും.

മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തും പോകുന്ന വഴിയിലുമെല്ലാം ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്. പരിപാടിയില്‍ വരുന്ന കാലതാമസമാണ് ഉദ്യോഗസ്ഥര്‍ക്കു വലിയ തലവേദന. വിഐപി വരുന്നതുവരെ മഴയും വെയിലുമേറ്റു ഭക്ഷണമില്ലാതെ റോഡരികില്‍ കഴിച്ചുകൂട്ടേണ്ടിവരും. 

പ്രധാന റോഡുകള്‍ക്കരികിലുള്ള പൊലീസ് സ്റ്റേഷനുകള്‍ക്കാണു വലിയ തലവേദന. വിഐപികള്‍ സ്റ്റേഷന്‍ അതിര്‍ത്തി കടക്കുന്നതുവരെ അകമ്പടി പോകേണ്ടിവരും. മുഖ്യമന്ത്രിയാണെങ്കില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അകമ്പടി പോകേണ്ടത്. വ്യക്തിയുടെ സുരക്ഷയും സ്ഥാനവും അനുസരിച്ച് അകമ്പടിപോകുന്ന ഉദ്യോഗസ്ഥരുടെ റാങ്കിലും വ്യത്യാസം വരും. വിഐപികള്‍ വരാന്‍ താമസിച്ചാല്‍ മണിക്കൂറുകളോളം റോഡരികില്‍ ഇവര്‍ക്കു കാത്തു നില്‍ക്കേണ്ടി വരും. 

അകമ്പടി പോകേണ്ടി വരുന്ന പൊലീസുകാര്‍ക്ക് വിഐപികളെ കാത്തു നില്‍ക്കേണ്ടി വരുന്നതു വലിയ ബാധ്യതയാണെന്നു മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞു. ‘ഞാന്‍ ഡിജിപിയായിരുന്ന കാലത്ത് പൊലീസ് അകമ്പടിയുമായി ബന്ധപ്പെട്ട് പരിഷ്ക്കാരങ്ങള്‍ വരുത്തണമെന്നു സര്‍ക്കാരിലേക്ക് എഴുതിയിരുന്നു. അകമ്പടി പോകുന്നത് പലപ്പോഴും ശല്യമായി മാറാറുണ്ട്. എന്നാല്‍ കോട്ടയത്തെ സംഭവവുമായി ഇതിനെ ബന്ധപ്പെടുത്തുന്നത് ഉചിതമല്ല. കോട്ടയത്തെ സ്റ്റേഷനിലെ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് ആ പരാതി പരിഹരിക്കാന്‍ കഴിയുമായിരുന്നു’ - സെന്‍കുമാര്‍ പറയുന്നു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള പൊലീസ് സുരക്ഷയിൽ കുറവു വരുത്താൻ സെന്‍കുമാര്‍ ഡിജിപിയായിരിക്കെ ധാരണയായിരുന്നു. സുരക്ഷാ അവലോകന സമിതി യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. എന്നാൽ ഉത്തരവ് പുറത്തിറങ്ങിയില്ല. തലസ്ഥാനത്തുള്ളപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൈലറ്റും എസ്കോർട്ടും വേണ്ടെന്നാണ് അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി നല്‍കിയ നിർദേശം. എന്നാൽ മുഖ്യമന്ത്രിക്ക് ഇപ്പോഴും എസ്കോർട്ട് വാഹനമുണ്ട്.

മന്ത്രിമാര്‍ തലസ്ഥാന ജില്ലയുടെ അതിർത്തി കഴിഞ്ഞാല്‍ ലോക്കൽ പൊലീസിന്റെ പൈലറ്റ് സേവനം ഇപ്പോഴും ഉപയോഗിക്കുന്നു. ഗൺമാൻമാരാണു മന്ത്രിക്കു വഴികാട്ടിയായി ലോക്കൽ പൊലീസിനെ വിളിക്കുന്നത്. സുരക്ഷ കുറയ്ക്കാന്‍ മുഖ്യമന്ത്രി സ്വയം തീരുമാനമെടുത്താലും പണി കുറയില്ലെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Piarayi Police Escort Kottayam കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയൊരുക്കി പൊലീസ്. ഫയൽ ചിത്രം: മനോരമ

കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്:

ശനിയും ഞായറും കോട്ടയത്തെ സുരക്ഷ ഇങ്ങനെയായിരുന്നു:

∙ പാം ഗ്രോവ് റിസോർട്ട്: ഡിവൈഎസ്പി അടക്കം 39 പേർ, കൊടൂർ ആറ്റിലെ ബോട്ട് പട്രോളിങ്- രണ്ട് പേർ, മഫ്തിയിൽ- ഒൻപത്, സ്ട്രൈക്കിങ് ഫോഴ്സ്-15. 

∙ നാട്ടകം ഗെസ്റ്റ് ഹൗസ്-പാം ഗ്രോവ് റൂട്ട്: ഡിവൈഎസ്പി അടക്കം 11. 

∙ പാം ഗ്രോവ്- തിരുനക്കര മൈതാനം റൂട്ട്: എട്ട്. 

∙ തിരുനക്കര മൈതാനം: 58 പേർ, സ്ട്രൈക്കിങ് ഫോഴ്സ്- 15, കോട്ടയം ഡിവൈഎസ്പിയുടെ സ്ട്രൈക്കർ- പത്ത്. 

∙ തിരുനക്കര- നാട്ടകം ഗെസ്റ്റ് ഹൗസ് റൂട്ട്: 21. 

∙ മെഡിക്കൽ കോളജ് റൂട്ട്: 53. 

∙ മെഡിക്കൽ കോളജ്: രാവിലെ പാം ഗ്രോവിൽ ഡ്യൂട്ടിക്കുണ്ടായിരുന്നവർക്കു പുറമെ 31 പേർ. ഇവിടെയാണു ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവും ഡ്യൂട്ടി ചെയ്തത്. 

∙ മെഡിക്കൽ കോളജ് - തിരുനക്കര റൂട്ട്: 27. 

∙ തിരുനക്കര, എൽഡിഎഫ് സർക്കാർ വാർഷികം- രാവിലെ ഡ്യൂട്ടി ചെയ്തവർ: 

∙ തിരുനക്കര- ഇടിഞ്ഞില്ലം റൂട്ട്: 10 

∙ ഇതിനു പുറമെ ജില്ലയിലെയും സമീപ ജില്ലകളിലെയും ഇരുപതിലധികം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ. 

∙ സ്ഥിരം അകമ്പടിക്കാർ: പൈലറ്റ്-10, എസ്കോർട്ട്- 10, കമാൻഡോകൾ- 12, ഗൺമാൻ- രണ്ട്. ഇവരെല്ലാം രണ്ടു ഷിഫ്റ്റിലായി ജോലി ചെയ്യുന്നു. ഇതിനു പുറമെ മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ജില്ലയിലെ ഒരു പൊലീസ് വാഹനം മറ്റൊരു പൈലറ്റായും പായുന്നു. 

വിവാദമുണ്ടായതിനു പിന്നാലെ ചൊവ്വാഴ്ച നടന്ന പരിപാടിയിൽ കൊല്ലത്തും കുറവില്ല അകമ്പടി!

∙ മുഖ്യമന്ത്രിയുടെ പരിപാടികൾ: 

സർക്കാർ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച പൊതുസമ്മേളനം, വിവിധ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച. 

∙ സമയം: ഉച്ച മുതൽ വൈകിട്ടു വരെ 

∙ ചുമതല: നാലു സിഐമാർ, മൂന്ന് എസ്ഐമാർ (കോട്ടയം ഗാന്ധിനഗർ എസ്ഐ ചെയ്ത അതേ ‘മാതൃക’ യിൽ സിഐമാരും എസ്ഐമാരും ഡ്യൂട്ടിക്ക് അണിനിരന്നു). കൊല്ലം ഈസ്റ്റ്, വെസ്റ്റ്, ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളുടെ ഹൗസ് ഓഫിസർമാർ സിഐമാരാണ്. ഇവർ നാലുപേർക്കും ഇന്നലെ മുഖ്യമന്ത്രി ഡ്യൂട്ടി.

ഈസ്റ്റ്, വെസ്റ്റ് സിഐമാർ കൊല്ലം നഗരത്തിൽ അണിനിരന്നപ്പോൾ ഇരവിപുരം സിഐ ദേശീയപാതയിൽ മുഖ്യമന്ത്രി കടന്നുപോകുന്ന പള്ളിമുക്കിൽ നിലയുറപ്പിച്ചു.

കൊട്ടിയം സിഐയ്ക്കു ദേശീയപാതയിൽ മേവറത്തായിരുന്നു ഡ്യൂട്ടി. കിളികൊല്ലൂർ എസ്ഐ അയത്തിലിൽ ഗതാഗത നിയന്ത്രണത്തിനു നിയോഗിക്കപ്പെട്ടപ്പോൾ, പള്ളിത്തോട്ടം എസ്ഐയ്ക്കു നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ഡ്യൂട്ടിയായിരുന്നു.