Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണിയെടുത്തില്ലെങ്കില്‍ കസേര തെറിക്കും; കർണാടക മന്ത്രിമാരോട് കോൺഗ്രസ്

dk-shivakumar കർണാടകയിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ബെംഗളുരു∙ ചുമതലയേറ്റു രണ്ടു വർഷത്തിനു ശേഷം കര്‍ണാടകയിലെ മന്ത്രിമാരെ മാറ്റാൻ കോണ്‍ഗ്രസ് തീരുമാനം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാത്തവരെ മാറ്റി പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നതിനാണു കോൺഗ്രസിന്റെ നീക്കം. ഇതിനു പുറമേ ആറു മാസം കൂടുമ്പോൾ പ്രവർത്തനം വിലയിരുത്തി മന്ത്രിമാരെ മാറ്റാനും പാർട്ടി ആലോചിക്കുന്നു.

മികച്ച പ്രവർത്തനം നടത്തുക, മന്ത്രിമാരെ ഒപ്പം നിര്‍ത്തുക, മറ്റുള്ളവർക്കു കൂടി അവസരം നൽകുക എന്നിവയെല്ലാം ഇതിലൂടെ നടപ്പാക്കാനാകുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. നേരത്തെ സിദ്ധരാമയ്യ സർക്കാരിനും സമാനമായ രീതി നടപ്പാക്കുമെന്നു കെപിസിസി പ്രസിഡന്റ് ജി. പരമേശ്വര പറഞ്ഞിരുന്നെങ്കിലും ഇതു സാധിച്ചിരുന്നില്ല. മൂന്നു ഘടകങ്ങൾ അടിസ്ഥാമാക്കിയായിരിക്കും മന്ത്രിമാരുടെ തുടർച്ചയും പ്രവർത്തനവും വിലയിരുത്തുകയെന്നു കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കർണാടകയിലെ പൂര്‍ണമായ മന്ത്രിസഭയല്ല ഇത്. ഓരോ ആറു മാസവും മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും. കാര്യക്ഷമമല്ലെങ്കിൽ സ്ഥാനം നഷ്ടമാകും. രണ്ടു വർഷക്കാലയളവില്‍ മാറാവുന്ന രീതിയിലാണ് കോൺഗ്രസ് മന്ത്രിസ്ഥാനങ്ങൾ നൽകിയിരിക്കുന്നത്– വേണുഗോപാല്‍ പറഞ്ഞു.

രണ്ടു വർഷത്തിനു ശേഷം മന്ത്രിസഭാ പുനഃസംഘടന വരികയാണെങ്കിൽ പുതിയ മന്ത്രിമാർ മൂന്നു വർഷത്തേക്കായിരിക്കും ചുമതലയിലെത്തുകയെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കി. എന്നാൽ ആറു മാസത്തെ പ്രകടനത്തിൽ തൃപ്തിയില്ലെങ്കില്‍ അവര്‍ക്കും സ്ഥാനം പോകുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടാതിരുന്ന കോണ്‍ഗ്രസ് നേതാക്കൾ നേരത്തേ കെ.സി. വേണുഗോപാലിനെതിരേയും ജി. പരമേശ്വരയ്ക്കെതിരേയും വിമർശനമുന്നയിച്ചിരുന്നു. അർഹതയുള്ളവരെ സ്ഥാനങ്ങളിലേക്കു പരിഗണിച്ചില്ലെന്നായിരുന്നു ഇവരുടെ വിമർശനം. പുതിയ നയത്തിലൂടെ ഇത്തരക്കാരുടെ വായടപ്പിക്കാമെന്നും കർണാടക കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. 

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ ഉൾപ്പെടെ 25 അംഗമന്ത്രിസഭയാണ് കർണാടകയിലുള്ളത്. കോൺഗ്രസിൽനിന്നു 14 പേരും ദളിൽനിന്ന് ഒൻപതു പേരും കഴിഞ്ഞദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.