Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധീരന്റെ പ്രതികരണം നഴ്സറികുട്ടികൾ നുള്ളി, പിച്ചി എന്നുപറയുന്നപോലെ: കെ.സി.ജോസഫ്

KC Joseph

കോട്ടയം∙ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്റേത് പാർട്ടിയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.ജോസഫ് എംഎൽഎ. പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കാനാണു ശ്രമിച്ചത്. സുധീരന്റെ വാദങ്ങൾ ബാലിശമാണ്. പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി നിലപാട് കാരണം കൂടുതൽ പ്രസ്താവനകൾ നടത്താൻ പരിമിതിയുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു.

സുധീരൻ കെപിസിസി അധ്യക്ഷനായി ഇരുന്നപ്പോൾ സഹകരിച്ചിട്ടുണ്ട്. രാജിവച്ചപ്പോളായിരുന്നു ഇക്കാര്യങ്ങൾ പറയേണ്ടിയിരുന്നത്. പാർട്ടി പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് പ്രതികരിച്ചതു ശരിയായില്ല. പാർട്ടിയിൽ കലാപകൊടി ഉയർത്തുന്നത് വേദനാജനകമാണ്. എന്നെ നുള്ളി, പിച്ചി എന്ന നിലയിൽ ഒരു നഴ്സറി കുട്ടി പറയുന്ന രീതിയിലാണ് സുധീരന്റെ പ്രതികരണം. നിയമസഭയിൽ ശക്തമായാണു പ്രതിപക്ഷം പ്രവർത്തിക്കുന്നത്. മുന്നണിയെ ദുർബലപ്പെടുത്താനാണു സുധീരന്റെ ശ്രമമെന്നും കെ.സി.ജോസഫ് കൂട്ടിച്ചേർത്തു.

ദുബർലമായ കോൺഗ്രസിനെ 2019ൽ തിരിച്ചെത്തിക്കാനാണ് മുന്നണി വിപുലപ്പെടുത്താൻ തീരുമാനിച്ചത്. സുധീരനു പകരം കാർത്തികേയനായിരുന്നു കെപിസിസി അധ്യക്ഷനെങ്കിൽ തുടർ ഭരണം കിട്ടിയേനെ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം സുധീരനാണ്. കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പ് അതിപ്രസരം ഇല്ല. സുധീരന്റെ നിലപാട് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതിങ്ങനെ പോയാൽ ശരിയാവില്ല. നടപടിവേണമെന്നും കെ.സി.ജോസഫ് പറഞ്ഞു.