Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനെ കൂസാതെ ഉദ്യോഗസ്ഥർ; ദാസ്യപ്പണിക്ക് 984 പൊലീസുകാർ

police-dog പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ പൊലീസിലെ ദാസ്യപ്പണി വിവാദം തുടരുന്നു. എസ്എപി: ഡപ്യൂട്ടി കമന്‍ഡാന്റിനെതിെര അന്വേഷണത്തിന് ഉത്തരവ്. വീടിനു ടൈലിടാന്‍ പൊലീസുകാരെ ഉപയോഗിച്ച പി.വി.രാജുവിനെതിരെയാണു ഡിജിപിയുടെ നിര്‍ദേശത്തെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചത്. അതിനിടെ, പൊലീസിലെ ദാസ്യപ്പണിയുടെ കണക്കുകള്‍ പുറത്തുവന്നു. പഴ്സനല്‍ സ്റ്റാഫായി 984 പൊലീസുകാരുണ്ടെന്നു കണക്കെടുപ്പില്‍ വ്യക്തമായി.

സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും ദാസ്യപ്പണി തുടരുന്നതായി കാണിച്ചു ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. പല ഉന്നത ഉദ്യോഗസ്ഥരും ഇതുവരെ ക്യാംപ് ഫോളോവര്‍മാരെ മടക്കി അയക്കാന്‍ തയാറായിട്ടില്ലെന്നു പരാതിയിൽ പറയുന്നു. ഇതിനിടെ, എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയതു കേസ് അട്ടിമറിക്കാനാണെന്ന് ആരോപിച്ച ഡ്രൈവര്‍ ഗവാസ്കര്‍, കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

എഡിജിപിയുടെ മകള്‍ക്കെതിരായ ഡ്രൈവറുടെ പരാതി ശരിവച്ച് മുഖ്യസാക്ഷി രംഗത്തെത്തി. എഡിജിപിയുടെ മകളും ഭാര്യയും വാഹനത്തില്‍ കയറുന്നതും കണ്ടെന്നും പിന്നീടു ബഹളം കേട്ടെന്നും കനകക്കുന്നിലെ ജ്യൂസ് കച്ചവടക്കാരന്‍ വൈശാഖ് മനോരമ ന്യൂസിനോടു പറഞ്ഞു. ഇത് പ്രധാന സാക്ഷിമൊഴിയായി പൊലീസും രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലെ സംഘം മെഡിക്കല്‍ കോളജിലെത്തി ഗവാസ്കറുടെ മൊഴി രേഖപ്പെടുത്തി. സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും പ്രഭാതനടത്തത്തിനെത്തിച്ചു തിരികെ വരുംവഴി ചീത്തവിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നുമുള്ള മൊഴി ഗവാസ്കര്‍ ആവര്‍ത്തിച്ചു.

മര്‍ദനം നടന്ന് ഒരാഴ്ചയാകുമ്പോളും മൊഴിയെടുപ്പിനപ്പുറം ഒന്നുമാകാത്തതിനാല്‍ കേസില്‍ അട്ടിമറി സാധ്യത സംശയിക്കുന്നതായും ജീവനില്‍ ഭീഷണിയുണ്ടെന്നും ഗവാസ്കർ പറഞ്ഞു. എഡിജിപിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്തത് അന്വേഷണം വഴിതെറ്റിക്കാനാണെന്നും നടപടി പിന്‍വലിക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിൽ ഗവാസ്കർ ആവശ്യപ്പെട്ടു.