Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവാസ്കറും ഭാര്യയും മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം നല്ല രീതിയിലെന്ന് പിണറായി

gavaskar ഗവാസ്കർ (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കറും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇരുവരും ഓഫിസിലെത്തിയത്. കേസ് അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും വിഷയത്തിൽ ഗവാസ്കർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. ആ സമയം പഴ്സനൽ സ്റ്റാഫിനെയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയോ മുറിയിൽ പ്രവേശിപ്പിച്ചില്ല.

അതിനിടെ, എഡിജിപിയുടെ മകൾക്കെതിരായ നിയമ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്നു ഗവാസ്കർ ‘മനോരമ’യോടു പറഞ്ഞു. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനുമില്ല. ഒത്തുതീർപ്പിനായി ഇപ്പോൾ ആരും തന്നെ സമീപിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒൻപതു ദിവസത്തെ ചികിൽസയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണു ഗവാസ്കർ ആശുപത്രി വിട്ടത്. എന്നാൽ കഴുത്തിനേറ്റ സാരമായ പരുക്കു കാരണം എഴുന്നേൽക്കുമ്പോൾ ഇപ്പോഴും തലകറക്കം ഉണ്ട്. അതിനാൽ ഇനി ആയുർവേദ ചികിൽസ തേടാൻ ഒരുങ്ങുകയാണ്. അടുത്ത മാസം നാലു വരെ അവധിയിലാണ്. തനിക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന ഗവാസ്കറുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതും അന്നാണ്. ആവശ്യമെങ്കിൽ അവധി ദീർഘിപ്പിക്കും.

അതേസമയം, എഡിജിപിയുടെ മകൾ ഗവാസ്കറെ മർദിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഒത്തുകളി തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം എടുത്ത കേസിൽ രണ്ടാഴ്ചയായിട്ടും അറസ്റ്റു നടത്തിയിട്ടില്ല. പൊലീസ് ആസ്ഥാനത്തു നിന്നു വിലക്കുള്ളതിനാലാണ് അറസ്റ്റു നടത്താൻ കഴിയാത്തതെന്നു ക്രൈംബ്രാഞ്ച് അധികൃതർ സൂചിപ്പിച്ചു. അറസ്റ്റ് ഉണ്ടാകില്ലെന്ന ഉന്നതരുടെ ഉറപ്പിൽ എഡിജിപിയുടെ മകൾ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിട്ടില്ല. മാത്രമല്ല, ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പുതിയ ആരോപണം കൂടി പ്രതി ഉന്നയിച്ചിരിക്കുന്നതിനാൽ ഗവാസ്കർ നിയമ നടപടിയുമായി മുന്നോട്ടു പോയാൽ തിരിച്ചും കേസ് എടുപ്പിക്കുമെന്ന ഭീഷണിയാണ് എഡിജിപി നൽകിയിരിക്കുന്നത്.