Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെപ്പറ്റി എന്തെങ്കിലും കേട്ടാൽ തന്നെ ചിലർക്കു പനി പിടിക്കും; കോൺഗ്രസിനെ വിമർശിച്ച് മോദി

Narendra Modi നരേന്ദ്ര മോദിയും വസുന്ധര രാജെയും രാജസ്ഥാനിലെ റാലിയിൽ. ചിത്രം: പിടിഐ

ജയ്പൂർ∙ തന്റെയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും പേരു കേൾക്കുമ്പോൾ ചിലർക്കു പനി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ വിവിധ ജില്ലകളിലായി 2100 കോടി മുടക്കി നിർമിക്കുന്ന 13 പദ്ധതികളുടെ ആരംഭം പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതോടൊപ്പം കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ കൂറ്റന്‍ റാലിയെയും മോദി അഭിസംബോധന ചെയ്തു. ഏകദേശം രണ്ടരലക്ഷത്തിലേറെ പേരെ പ്രതീക്ഷിച്ച റാലിക്കെതിരെ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയാണു മോദി പ്രസംഗത്തിലൂടെ നൽകിയത്.

‘ചിലർ ബിജെപിയുടെ പേരു കേള്‍ക്കുമ്പോൾ അസ്വസ്ഥരാകുന്നുണ്ട്. അവർക്കു മോദിയെന്നോ വസുന്ധര രാജയെന്നോ കേൾക്കുമ്പോൾ പനി പിടിക്കുകയാണ്. ഇത്തരത്തിലുള്ള പരിപാടികൾ അവർ ഇഷ്ടപ്പെടുന്നില്ല. എന്നാൽ സാധാരണക്കാർ സർക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റി അറിയുന്നത് ഇത്തരം പരിപാടികളിലൂടെയാണ്. മുൻകാല കോൺഗ്രസ് സർക്കാരിനു തങ്ങളുടെ നേതാക്കളുടെ പേര് ഫലകങ്ങളിൽ വരുത്താൻ മാത്രമായിരുന്നു താൽപര്യം. എന്നാൽ ബിജെപിയുടെ അജൻഡ തന്നെ വികസനമാണെന്നും മോദി പറഞ്ഞു.

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവും മോദി ഉന്നയിച്ചു. പാർട്ടിയെ ‘ബെയ്‌ൽ ഗാഡി (ജാമ്യക്കാരുടെ വണ്ടി) എന്നു വിളിച്ചായിരുന്നു കളിയാക്കൽ. ‘ബേൽഗാഡി’യെന്ന(കാളവണ്ടി) ഹിന്ദി വാക്കിൽ ദ്വയാർഥം ഒളിപ്പിച്ചായിരുന്നു മോദിയുടെ പ്രയോഗം. കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കളും ഇപ്പോൾ വിവിധ കേസുകളിൽ ജാമ്യമെടുത്തു പുറത്തിറങ്ങിയിരിക്കുകയാണ്. അവരുടെ ഉദ്ദേശം ജനത്തിനു നന്നായറിയാം. അവർ കോൺഗ്രസിനെ ഒരു ‘ജാമ്യക്കാരുടെ വണ്ടിയായി’ മാത്രമേ കണക്കാക്കൂ–മോദി പറഞ്ഞു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപി സ്ഥിരം ജാമ്യം നേടിയ സാഹചര്യത്തിലായിരുന്നു മോദിയുടെ പരാമർശം. 

സർജിക്കൽ സ്ട്രൈക്കിനെ ചോദ്യം ചെയ്തതിലൂടെ രാജ്യത്തെ സേനയുടെ കഴിവിനെയാണ് കോൺഗ്രസ് അപമാനിച്ചത്. ഇത്തരം രാഷ്ട്രീയം കളിക്കുന്നവർക്കു ജനം കൃത്യമായി മറുപടി കൊടുക്കും.കുടുംബവാഴ്ചയുടെ രാഷ്ട്രീയം പിന്തുടരുന്നവർ എല്ലാക്കാലത്തും അങ്ങനെയായിരിക്കും. എന്നാൽ രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നതാണു ബിജെപിയുടെ രീതി. ഞങ്ങൾ ചെയ്യുന്നത് ഇഷ്ടപ്പെടാത്ത അനേകം ആളുകളുണ്ട്. എന്നാൽ ബിജെപിക്കു ഒരോയൊരു ലക്ഷ്യമേ ഉള്ളൂ, അതു വികസനമാണെന്നും മോദി പറഞ്ഞു.

‘അംരൂദോം കാ ബാഗ്’ മൈതാനത്തു നടന്ന റാലിയ്ക്കു മുന്നോടിയായി, സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ പലരുടെയും അനുഭവങ്ങൾ റെക്കോർഡ് ചെയ്തു കേൾപ്പിച്ചിരുന്നു. ഇവരെല്ലാം വേദിയിൽ മോദിയുമായി കൂടിക്കാഴ്ച നടത്തി. കൃഷിക്കാരുമായും മോദി കൂടിക്കാഴ്ച നടത്തി.

സമ്മേളനത്തിനായി വമ്പിച്ച ഒരുക്കങ്ങളാണ് ബിജെപി സംസ്ഥാന നേതൃത്വം നടത്തിയത്. ഏഴു കോടിയോളം രൂപയാണു ചെലവ്. 33 ജില്ലകളിൽ നിന്നായി അയ്യായിരത്തിൽ പരം വാഹനങ്ങൾ സമ്മേളനത്തിൽ‌ എത്തുന്നവർക്കായി ക്രമീകരിച്ചു. പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ ലാന്‍ഡ് ചെയ്യുന്നതിനു വേണ്ടി രണ്ടു ഹെലിപാഡുകളും സജ്ജീകരിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു മോദി മൈതാനത്തെത്തിയത്. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ, പ്രാരംഭ പ്രചാരണത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു മോദിയുടെ സന്ദർശനം.

related stories