Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പിളർപ്പുതന്ത്രം’ വിജയിച്ചു, പിഡിപിയിൽ വിമത നീക്കം; കശ്മീർ പിടിക്കാൻ ബിജെപി

Amit-Shah-Mehbooba-Mufthi അമിത് ഷാ, മെഹബൂബ മുഫ്തി

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഭരണം പാർട്ടിയുടെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണു ബിജെപി ദേശീയ നേതൃത്വം നടത്തിയതെന്നു വ്യക്തമാക്കി താഴ്‌വരയിൽ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ. പിഡിപിയിലെ വിമതരുടെ പിന്തുണയോടെ ഭരണത്തിലേക്കു തിരികെയെത്താനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കി. ഇക്കഴിഞ്ഞ ജൂൺ 19നാണ് പിഡിപിയുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചത്. തുടർന്ന് കശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു.

പിഡിപിയുടെ 28 എംഎൽഎമാരിൽ 18 പേരും ബിജെപിക്കൊപ്പം ചേരുകയാണെന്നാണു സൂചന. പിഡിപിയിലെ വിമതപക്ഷം കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തിക്കെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. പാർട്ടിയിലെ അഞ്ച് എംഎൽഎമാർ ഡൽഹിയിൽ നിന്നുള്ള ‘ആജ്ഞ’ പ്രകാരമാണു പ്രവർത്തിക്കുന്നതെന്ന മെഹബൂബയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചതു വഴി, തങ്ങളുടെ കുടുംബത്തിന്റെ ഉൾപ്പെടെ ജീവനാണു ഭീഷണിയിലായതെന്ന് എംഎൽഎമാരും തിരിച്ചടിച്ചു. 

‘ഭരണം വിൽപനയ്ക്ക് എന്ന പ്രതിച്ഛായ വരുത്താനാണു നേരത്തേ മെഹബൂബ ശ്രമിച്ചത്. പിന്നീട് ഞങ്ങൾ ആരുടെയോ താളത്തിനനുസരിച്ചു തുള്ളുന്നവരാണെന്നു വരുത്തിത്തീർക്കാനായി ശ്രമം. ഇത് ആൾക്കൂട്ടത്തിലേക്ക് ഞങ്ങളെയും കുടുംബത്തെയും അണികളെയും തല്ലിക്കൊല്ലാനായി എറിഞ്ഞു കൊടുക്കുന്നതിനു സമാനമായിരുന്നു’– പിഡിപി ബാരാമുള്ള എംഎൽഎ ജാവേദ് ഹസൻ മാധ്യമ പ്രവർത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞു. എംഎൽഎമാരായ ഇംറാൻ അൻസാരി, അബ്ദുൽ മജീദ് പാഡെർ എന്നിവർക്കൊപ്പം രണ്ട് എംഎല്‍സി പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സാദിബാൽ ആബിദ് അൻസാരി, ടാങ്മാൻഗ് അബ്ബാസ് വാനി എന്നീ എംഎൽഎമാരും നേരത്തേ വിമതശബ്ദമുയർത്തിയിരുന്നു. 

പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നവരെല്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നതെന്ന് ഓർക്കണമെന്നായിരുന്നു ഇതിനിടെ മെഹബൂബയുടെ മുന്നറിയിപ്പ്. ഇതു മറികടന്നാണ് അബ്ദുൽ മജീദ് പാഡെർ 18 എംഎൽഎമാർക്കൊപ്പം ബിജെപിയുമായി ചേർന്നു സർക്കാർ രൂപീകരിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ രൂപീകരണത്തിനുള്ള ശ്രമം അവസാനഘട്ടത്തിലെത്തിയതായാണു സൂചന. ‘എന്റെ നേതാവായിരുന്ന മുഫ്തി മുഹമ്മദ് സയീദിന് ബിജെപിയുമായി സഖ്യമുണ്ടാക്കാമായിരുന്നെങ്കിൽ എന്തുകൊണ്ടു ഞങ്ങൾക്കു സാധിക്കില്ല’ എന്നായിരുന്നു സഖ്യം സംബന്ധിച്ച പാഡെറിന്റെ പ്രതികരണം. 

കൂട്ടുകക്ഷി സർക്കാർ തെറ്റിപ്പിരിഞ്ഞതിനു ശേഷം ഇതാദ്യമായാണ് ഒരു പിഡിപി എംഎൽഎ പരസ്യമായി ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണന്ന പ്രസ്താവന നടത്തുന്നത്. 87 അംഗങ്ങളുള്ള നിയമസഭയിൽ 44 പേരുടെ പിന്തുണയാണു സർക്കാർ രൂപീകരണത്തിനു വേണ്ടത്. 18 എംഎൽഎമാർ പാഡെർക്കൊപ്പമുണ്ടെന്ന അവകാശവാദം ശരിയാണെങ്കിൽ സർക്കാർ രൂപീകരണം എളുപ്പമാകും.

25 എംഎൽഎമാരാണു ബിജെപിക്കുള്ളത്. സർക്കാർ രൂപീകരിക്കാൻ ഒരാളുടെ പിന്തുണ മതി. എന്നാൽ പീപ്പിൾസ് കോൺഫറൻസ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ സഖ്യത്തെ പിന്തുണയ്ക്കുമെന്നാണറിയുന്നത്. അതേസമയം, ഗവര്‍ണർ ഭരണം തുടരുന്നതിലാണു ബിജെപിയിലെ ഒരു വിഭാഗത്തിനു താൽപര്യമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ നേതാക്കളുടെ തീരുമാനത്തിനായി കാതോർക്കുകയാണു താഴ്‌വരയിലെ ബിജെപി നേതൃത്വം.

related stories