Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ചോദിച്ചു: എന്തുകൊണ്ട് സർവകക്ഷി സംഘത്തിനൊപ്പം വന്നില്ല?, വിളിച്ചില്ലെന്നു കണ്ണന്താനം

Alphons Kannanthanam അൽഫോൻസ് കണ്ണന്താനം

ന്യൂഡൽഹി∙ താനുമായി കൂടിക്കാഴ്ചയ്ക്കെത്തിയ സർവകക്ഷി സംഘത്തിൽ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഉൾപ്പെടുത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി. ബിജെപി നേതൃത്വമാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. എന്നാൽ തന്നെ ഒപ്പം കൂട്ടാത്തതിൽ ഖേദമില്ലെന്ന് അൽഫോൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ഏതു വിഷയവും ആരും പറയാതെയാണ് ഇതുവരെ ഏറ്റെടുത്തിരുന്നത്. അതിനാൽത്തന്നെ വിളിക്കാത്തതിൽ പരാതിയില്ല. ഇങ്ങനെയൊക്കെ മതിയെന്നു കേരള സർക്കാർ തീരുമാനിച്ചതായിരിക്കും. കേരളത്തിന്റെ എല്ലാ കാര്യങ്ങൾക്കും പ്രധാനമന്ത്രി തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നിട്ടും സർവകക്ഷി സംഘത്തോടൊപ്പം എന്തു കൊണ്ട് അൽഫോൻസ് വന്നില്ല എന്നായിരുന്നു മോദി ചോദിച്ചത്. കേരളത്തിൽ നിന്ന് ആരും തന്നെ വിളിച്ചില്ലെന്നാണു മറുപടി നൽകിയതെന്നും കണ്ണന്താനം പറഞ്ഞു. 

കേരളവുമായും അവിടത്തെ നേതാക്കളുമായും ഏറെ സൗഹാർദപരമായ ബന്ധമാണുള്ളത്. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയെന്ന നിലയിൽ വിളിക്കാത്തതിൽ ഖേദമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങൾ നല്ലതാണോ ചീത്തയാണോ എന്നും പറയുന്നില്ല. ഇക്കാര്യത്തിൽ ജനം മറുപടി പറയട്ടെയെന്നും അൽഫോൻസ് പറഞ്ഞു. കേരളത്തിലെ മഴക്കെടുതിയുടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു ശനിയാഴ്ച സംസ്ഥാനം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്ന് എട്ടു മന്ത്രിമാർ നേരത്തേയുണ്ടായിട്ടും ഒന്നും നടന്നില്ലെന്നായിരുന്നു മറുപടി. അതു ശരിയല്ലേ? പക്ഷേ പദ്ധതി എങ്ങനെയെങ്കിലും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി. ഈ സർക്കാരിന് കേന്ദ്രം ആയിരക്കണക്കിനു കോടി രൂപ നൽകിയിട്ടുണ്ട്. കേന്ദ്ര നടപടിയിൽ സന്തോഷവാനാണെന്നു മുഖ്യമന്ത്രി തന്നെ നേരത്തേ പല തവണ പറഞ്ഞിട്ടുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തിലേക്ക് അടിയന്തരമായി കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് കണ്ണന്താനം ബുധനാഴ്ച കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ച ശേഷം നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തുമെന്നായിരുന്നു ഇതിനുള്ള രാജ്നാഥ് സിങ്ങിന്റെ മറുപടി അറിയിച്ചു. അതിനിടെ, കാലവര്‍ഷക്കെടുതി മൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായിത്തന്നെ രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുമായി സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിലും കനത്ത നിരാശയാണു പിണറായി പ്രകടിപ്പിച്ചത്. റേഷൻ, റെയിൽവേ വിഷയങ്ങളിലെല്ലാം ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മോദിയുടെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു തവണ അനുമതി നിഷേധിച്ചതിനൊടുവിലാണു പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി സംഘത്തിന് അവസരം ലഭിച്ചത്. എന്നാൽ കേരളത്തിനു പണം നല്‍കിയിട്ടും നടപ്പാക്കാത്ത കേന്ദ്രപദ്ധതികളുടെ പട്ടിക മോദി കൈമാറുകയാണുണ്ടായത്.

related stories