Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ രാഹുലിനെക്കാൾ താഴ്ന്നവൻ; അവിശ്വാസം 2024 ൽ പോരെ: മോദി– വിഡിയോ

modi-three

ന്യൂഡൽഹി∙ ഒരു പകൽ നീണ്ട അവിശ്വാസപ്രമേയത്തിനും മാരത്തൺ ചർച്ചകൾക്കും ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി.

‘‘രാഹുലിന്റെ കണ്ണിൽ നോക്കാൻ എനിക്ക് കഴിവില്ല. കാരണം ഞാൻ രാഹുലിനേക്കാൾ താഴ്ന്നവനാണ്. നിങ്ങളുടെ കണ്ണിൽ നോക്കാൻ എനിക്ക് ശക്തിയുണ്ട് ചിലരുടെ കണ്ണുകൊണ്ടുള്ള കളി കണ്ടു.’’ - രാഹുലിന്റെ കണ്ണിറുക്കലിനെ മോദി മറുപടി പ്രസംഗത്തിൽ പരിഹസിച്ചു. 2024 ൽ എങ്കിലും കോണ്‍ഗ്രസിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാകട്ടെ, ബിജെപി ഭരണം തുടരുമെന്നും മോദി മറുപടിയായി പറഞ്ഞു.

ഒരു കുടുംബത്തെ മാത്രം തുണച്ചതിന് കോണ്‍ഗ്രസിനെ രാജ്യം ശിക്ഷിച്ചു. പ്രണബ് മുഖർജിയോട് നെഹ്റു കുടുംബം അനീതിയാണ് കാണിച്ചത്. ആന്ധ്രയെ രാഷ്ട്രീയനേട്ടത്തിനായി വിഭജിച്ചു. തെലുങ്കാനയും ആന്ധ്രയും കോൺഗ്രസിനെ പുറത്താക്കി. വോട്ടിന് പണം നൽകിയ ചരിത്രമാണ് കോൺഗ്രസിന്റേത്. ടിഡിപി രാഷ്ട്രീയം കളിക്കുകയാണ്. ആന്ധ്രയുടെ ദുർഗതിക്ക് കാരണം കോൺഗ്രസാണ്. വൈഎസ്ആർ കോൺഗ്രസിന്റെ വലയിൽ ടിഡിപി വീണു. പ്രത്യേക പാക്കേജ് കേന്ദ്രസർക്കാർ നൽകിയതാണെന്നും മോദി തുറന്നടിച്ചു. 

രാഹുലിനെതിരെയുള്ള ഒളിയമ്പുകൾ ഒരുക്കിവച്ചായിരുന്നു മോദിയുടെ പ്രസംഗം. ‘‘ചർച്ചകളിവിടെ നടക്കുമ്പോൾ ഒരാൾ എന്നോട് വന്ന് ''ഉഠോ? ഉഠോ?''(എഴുന്നേൽക്കൂ, എഴുന്നേൽക്കൂ) എന്ന് പറഞ്ഞു. ഇവിടെ ചർച്ചകളൊന്നും കഴിഞ്ഞിരുന്നില്ല. ആർക്കാണിവിടെ അധികാരത്തിലേക്ക് എത്താൻ ഇത്ര തിടുക്കം. ജനമാണ് പ്രധാനമന്ത്രിയെ തീരുമാനിച്ചത്. അവർ തീരുമാനിക്കും എപ്പോൾ മാറണമെന്ന്. ഒരു വാഗ്വാദത്തിന് കൃത്യമായ തയാറെടുപ്പുകളില്ലാതെ നിങ്ങളെന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അത് തള്ളിക്കളയേണ്ടതാണ്. സർക്കാരിനെ താഴെയിറക്കാൻ എന്തിനാണിത്ര തിടുക്കം. ഇവിടെ ആകാശം ഇടിഞ്ഞുവീണോ? അതോ ഭൂകമ്പമുണ്ടായോ? നാലുവർഷം ചെയ്ത വികസനത്തിന്റെ പേരിലാണ് സഭയിൽ നിൽക്കുന്നത്.’’ - മറുപടി പ്രസംഗത്തിൽ മോദി പരിഹാസരൂപത്തിൽ പറഞ്ഞു. 

‘‘അവിശ്വാസവുമായി വരുന്നവര്‍ക്ക് ഒപ്പമുള്ളവരില്‍ വിശ്വാസമുണ്ടാവണം. റഫാല്‍ ഇടപാടില്‍ ചിലര്‍ നുണ പറയുന്നു. അറിയാത്തതിനെക്കുറിച്ച് തെറ്റായി പറയുന്നത് അവരുടെ ശീലം. സൈന്യത്തിന്റെ മിന്നലാക്രമണം തട്ടിപ്പെന്ന് പ്രചരിപ്പിച്ചു. എന്നെ പരിഹസിച്ചോളൂ, എന്നാൽ സൈനികരോട് അതു വേണ്ട.’’ – അവിശ്വാസപ്രമേയം തള്ളിക്കളയണമെന്ന് ആഹ്വാനം ചെയ്തുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസനവിരുദ്ധരെ തിരിച്ചറിയാനുള്ള അവസരമാണ് ഈ അവിശ്വാസപ്രമേയം തനിക്ക് നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് നിഷേധാത്മകരാഷ്ട്രീയമാണ്. തന്നെ അധികാരത്തിൽ നിന്നു മാറ്റമെന്നുള്ളത് ചിലരുടെ ധാർഷ്ട്യം മാത്രമാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ജനമാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. 2019ൽ പ്രധാനമന്ത്രിയാകാൻ ചിലർ കുപ്പായം തയ്ച്ചുവെച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിക്ക് നേരെ ഒളിയമ്പ് എയ്തതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. 

‘എല്ലാവർക്കുമൊപ്പം, വികസനത്തിനൊപ്പം’ എന്നതാണ് ബിജെപി സർക്കാരിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി പറഞ്ഞതോടെ ‘ഞങ്ങൾക്ക് നീതി വേണ’മെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉച്ചത്തിലാക്കി.  പ്രധാനമന്ത്രിക്ക് അടുത്തേക്ക് നീങ്ങിയ ടിഡിപി അംഗങ്ങളെ ബിജെപി അംഗങ്ങള്‍ തടഞ്ഞു. സഭയ്ക്കുളളില്‍ അംഗങ്ങള്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി. ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം അല്‍പസമയം തടസപ്പെട്ടു.

related stories