Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയവാദികളെ വികലമായി അനുകരിച്ചല്ല ബദൽ ഉയർത്തേണ്ടത്: കാനം

Kanam Rajendran കാനം രാജേന്ദ്രൻ.

കണ്ണൂർ∙ വർഗീയവാദികൾ ചെയ്യുന്ന കാര്യങ്ങൾ വികലമായി അനുകരിച്ചല്ല വർഗീയതയ്ക്കു ബദൽ ഉയർത്തേണ്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷ ബദൽ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുന്നത് കേരളത്തിലെ ഇടതുമുന്നണി സർക്കാരിനാണ്. ഇടതുപക്ഷ ബദൽ ഉയർത്തിക്കൊണ്ടിവരുമ്പോൾ നാളെ എന്താകും എന്നു ചിന്തിച്ച് ധാരണകളിൽ അയവുവരുത്തുകയോ വെള്ളം ചേർക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച എൻ.ഇ.ബലറാം– പി.പി.മുകുന്ദൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പുരോഗമിക്കുന്നു എന്നു നമ്മൾ പറയുമ്പോഴും സമൂഹം പുറകോട്ടു പോകുന്നതിന്റെ അടയാളമാണു എസ്.ഹരീഷിനു തന്റെ നോവൽ പിൻവലിക്കേണ്ടി വന്നത്. ഭീഷണിയുടെ പേരിൽ എഴുത്തുനിർത്തേണ്ടിവന്ന പെരുമാൾ മുരുകനു സംഭവിച്ചതു തന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. എം.ടി.വാസുദേവൻ നായരുടെ നിർമാല്യം എന്ന ചിത്രത്തിൽ വെളിച്ചപ്പാടിന്റെ കഥാപാത്രം താൻ ആരാധിക്കുന്ന മൂർത്തിയുടെ മുഖത്തു കാർക്കിച്ചു തുപ്പുന്നുണ്ട്. ഇന്നാണ് ആ ചിത്രമിറങ്ങുന്നതെങ്കിൽ എത്ര തിയറ്ററുകൾ കത്തിച്ചിട്ടുണ്ടാകും?

നമ്മുടെ സമൂഹം മുന്നോട്ടാണു പോകുന്നതെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലങ്ങണിയിക്കേണ്ട കാര്യമില്ല. എന്തു ഭക്ഷണം കഴിക്കണം എന്നു ഭരണകൂടം തീരുമാനിക്കേണ്ടതില്ല. ആരെ വിവാഹം കഴിക്കണം എന്ന് ഒരു യുവതിക്ക് തീരുമാനിക്കാനുള്ള അവകാശം നിഷേധിക്കേണ്ട കാര്യമില്ല. പൗരന്റെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ജനാധിപത്യരാജ്യം എന്തു പറയുന്നതിൽ എന്താണർഥമെന്നും കാനം ചോദിച്ചു.

related stories