Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമത്തിൽ ഹനാനെതിരെ അധിക്ഷേപം; നൂറുദീൻ അറസ്റ്റിൽ

Hanan Hananee, Noorudheen Sheikh നൂറുദീൻ ഷെയ്ഖ്, ഹനാൻ.

കൊച്ചി∙ ഉപജീവനത്തിനായി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന കോളജ് വിദ്യാർഥി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ‌. ഹനാനെതിരായി സമൂഹമാധ്യമങ്ങളിൽ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖാണ് അറസ്റ്റിലായത്. യൂണിഫോമിൽ മീൻവിറ്റതിന് എതിരെയായിരുന്നു ഇയാളുടെ അധിക്ഷേപം.

തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ് ഹനാൻ. മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയിരുന്നത്. ഇക്കാര്യം വാർത്തയായതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം പെരുകിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം പൊലീസ് ഹനാന്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഹനാനു പലരും പുതിയ റോളുകൾ വാഗ്ദാനം ചെയ്തു. ഇതോടെയാണു ഹനാന്റെ ജീവിതദുരിതം ഇപ്പോൾ പുറത്തുവന്നതു സിനിമാക്കാർ ഒരുക്കിയ നാടകമാണെന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. എന്നാൽ, ഹനാന്റെ അധ്യാപകരും കോളജ് അധികൃതരും സഹായവാഗ്ദാനം നൽകിയവരുമടക്കമുള്ള വലിയ ജനസമൂഹം ഹനാനെ പിന്തുണച്ചു രംഗത്തുവന്നു. ഹനാന്റെ സംരക്ഷണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കലക്ടർക്കു നിർദേശം ലഭിച്ചു.

ഹനാനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഡിജിപിക്കു നിർദേശം ലഭിച്ചു. തുടർന്നാണ് വയനാട് സ്വദേശിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. വിദ്യാർഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലും പരിശോധന തുടങ്ങി.