Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ആധുനിക കംസൻ: രൂക്ഷ വിമർശനവുമായി തോമസ് ഐസക്

TM-Thomas-Issac-Narendra-Modi ടി.എം.തോമസ് ഐസക്, നരേന്ദ്ര മോദി

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക കംസനെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയിലെ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതിനാണു വിമര്‍ശനം. കുട്ടികളില്‍ പോലും രാഷ്ട്രീയ ഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണു മോദി. കേരളത്തിലെ കുഞ്ഞുങ്ങളും ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാകുന്നുവെന്നു മന്ത്രി ആരോപിച്ചു. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണു മന്ത്രിയുടെ രൂക്ഷവിമർശനം.

തോമസ് ഐസക്കിന്റെ കുറിപ്പിൽനിന്ന്:

കേരളത്തിന്റെ കുഞ്ഞുങ്ങളും ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണ്. കുട്ടികളിൽപ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്ര മോദി. സമഗ്രശിക്ഷാ അഭിയാൻ പദ്ധതിക്കുവേണ്ടി കേരളത്തിനു നൽകേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുകവഴി ആധുനിക കംസന്റെ ഭീരുത്വമാണു നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും പ്രകടിപ്പിക്കുന്നത്.

പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടതെന്നു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഖേദപൂർവം ഓർമപ്പെടുത്തട്ടെ. കുഞ്ഞുങ്ങളോടൊന്നും ഇത്ര വൈരാഗ്യം പാടില്ല. അതും പൊതുവിദ്യാഭ്യാസരംഗത്ത് നാം നടത്തിയ മുന്നേറ്റങ്ങൾ രാജ്യത്തിനാകെ മാതൃകയാകുന്ന ഇക്കാലത്ത്! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കോടി അനുവദിച്ചപ്പോൾ കേരളത്തിനു തുച്ഛമായ 206 കോടി. കുട്ടികളോടു കൊടുംക്രൂരതയാണു ബിജെപി സർക്കാർ ചെയ്തത്. നമ്മുടെ വിദ്യാലയങ്ങളെയും കുഞ്ഞുങ്ങളെയും ഏറെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ ഏപ്രിലിൽ ഇൻഡിക്കേറ്റീവ് ബജറ്റിൽ വകയിരുത്തിയിരുന്ന 413 കോടി രൂപയാണ് 206 കോടിയായി വെട്ടിച്ചുരുക്കിയത്. ബജറ്റിലെ നീക്കിയിരിപ്പു തന്നെ പരിമിതമായിരുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണു വീണ്ടും നടത്തിയ വെട്ടിക്കുറവ്.

സൗജന്യ പുസ്തകം, യൂണിഫോം, പെൺകുട്ടികൾക്ക‌് ആയോധന വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ടീച്ചർ ട്രെയിനിങ‌് തുടങ്ങി 38 ഇനങ്ങൾക്കായി 1941.10 കോടിയുടെ പദ്ധതികളാണു സംസ്ഥാനം ആവിഷ്കരിച്ചത‌്. ഈ പദ്ധതികളെല്ലാം പാടെ തഴയുന്ന സമീപനമാണു കേന്ദ്രം കൈക്കൊണ്ടത്. ഇൻഡിക്കേറ്റീവ‌് ബജറ്റിൽ കാര്യമായ മാറ്റംവരുത്താതെ യുപിക്ക‌് 4773.10 കോടിയും രാജസ്ഥാന‌് 2717.18 കോടിയും മധ്യപ്രദേശിന‌് 2406.60 കോടിയും തമിഴ‌്നാടിന‌് 1422 കോടിയും അനുവദിച്ചപ്പോൾ കേരളത്തെയും കർണാടകത്തെയും പൂർണമായും തഴഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്തു കേരളം കൈവരിക്കുന്ന ഇന്ദ്രജാല വിസ്മയങ്ങൾ ദേശീയ ശ്രദ്ധയാകർഷിക്കുന്ന സമയത്തു തന്നെയാണ് കേന്ദ്രത്തിന്റെ ഈ ഇരുട്ടടി. കേരളത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതയോടുള്ള ബിജെപിയുടെ പകപോക്കൽ സമീപനത്തിന് ഇപ്പോൾ കുഞ്ഞുങ്ങളും ഇരയാവുകയാണ്. ഒരിക്കൽക്കൂടി നരേന്ദ്ര മോദിയോടു പറയട്ടെ, പരാക്രമം കുഞ്ഞുങ്ങളോടല്ല സർ വേണ്ടൂ.

related stories