Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ഗ്രസ് എംപിയെക്കുറിച്ച് മോദിയുടെ മോശം പരാമര്‍ശം; രേഖകളിൽനിന്നു നീക്കം ചെയ്തു

narendra-modi-no-confidence-motion അവിശ്വാസപ്രമേയത്തിന് മറുപടി പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് എംപിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെക്കുറിച്ചു മോദി നടത്തിയ പരാമര്‍ശമാണു നീക്കിയത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സഭാ രേഖകളില്‍നിന്നു നീക്കം ചെയ്യുന്നതു ചരിത്രത്തില്‍ അപൂര്‍വ സംഭവമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശിനെ അഭിനന്ദിച്ചു പ്രസംഗിക്കുന്നതിനിടെയാണ് ഹരിപ്രസാദിന്റെ ചുരുക്കപ്പേര്‍ ഉദ്ധരിച്ചു മോദി ചില പരാമര്‍ശങ്ങള്‍ നടത്തിയത്. തൊട്ടുപിന്നാലെ മോദി ഹരിപ്രസാദിനെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. 

പ്രധാനമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝായാണു ചട്ടം 238 പ്രകാരം ചൂണ്ടിക്കാട്ടിയത്. പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. പിന്നീടു മോദിയുടെ പരാമര്‍ശം രേഖകളില്‍നിന്നു നീക്കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് ബി.കെ. ഹരിപ്രസാദ് പ്രതികരിച്ചു. രാജ്യത്തിനാകെ അപമാനകരമാണു പ്രധാനമന്ത്രിയുടെ നടപടിയെന്നു ശശി തരൂര്‍ എംപി പറഞ്ഞു. എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അതു പരിധി വിടരുതെന്നും തൂരൂര്‍ അഭിപ്രായപ്പെട്ടു. 

2013ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ചില പരാമര്‍ശങ്ങളും സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ മന്‍മോഹന്‍ സിങും അരുണ്‍ ജയ്റ്റ്‌ലിയും തമ്മിലുണ്ടായ ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ ചില വാക്കുകള്‍ രേഖകളില്‍നിന്നു നീക്കുകയായിരുന്നു.

related stories