Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണം വിട്ട ലോറി ഏഴു വാഹനങ്ങളിൽ ഇടിച്ച് ഒരു മരണം; സംഭവം കോട്ടയത്ത്

kottayam-mundakkayam-accident മുണ്ടക്കയം കോരുത്തോട്ടിൽ നിയന്ത്രണം വിട്ട ലോറി ഏഴ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം.

കോട്ടയം ∙ മുണ്ടക്കയം കോരുത്തോട്ടിൽ നിയന്ത്രണം വിട്ട ലോറി ഏഴ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മാങ്ങാപേട്ട കാഞ്ഞിരംതൊട്ടിയിൽ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (62) ആണ് മരിച്ചത്. ലോറി ഡ്രൈവർ കോരുത്തോട് വലിയപുരയ്ക്കൽ രാമചന്ദ്രൻ (52), മകൻ അഭിനവ് (എട്ട്), ലോറിയിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ കോരുത്തോട് പുള്ളോലിൽ സുനിൽകുമാർ (40), ഓട്ടോ ഡ്രൈവർ കോരുത്തോട് പഴംപുരയ്ക്കൽ ഷാജി (35), വഴിയാത്രക്കാരി കോരുത്തോട് തടത്തിൽ രാധാമണി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിനവിന്റെ നില ഗുരുതരമാണ്.

ആലുവയിലുള്ള ദുരിതാശ്വാസ കേന്ദ്രത്തിലേക്കു കുടിവെള്ളമെത്തിക്കുന്ന ലോറി കോരുത്തോട്ടിലുള്ള വനംവകുപ്പിന്റെ ശബരി കുടിവെള്ളപദ്ധതിയിൽ നിന്നു വെള്ളം എടുക്കുവാൻ പോകുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം. വില്ലേജ് ഓഫീസിനു സമീപം മരത്തിൽ ഇടിച്ച ശേഷം എതിരെ വന്ന ഷാജിയുടെ ഓട്ടോയിലും ലോറി ഇടിച്ചു. തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും മറ്റൊരു ഓട്ടോയിലും ഇടിച്ച ശേഷം പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിർത്തിയിട്ടിരുന്ന നാലു ബൈക്കുകളുടെ മുകളിലേക്കു മറിയുകയായിരുന്നു. വഴിയാത്രക്കാരിയായ രാധാമണിയെയും ഓട്ടോ ഇടിച്ചു. നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും പഞ്ചായത്ത് ഓഫിസിനു മുൻപിലും സമീപത്തെ റേഷൻകടയ്ക്കു മുൻപിലും ആളുകൾ ഇല്ലാതിരുന്നതും കൂടുതൽ ദുരന്തം ഒഴിവാക്കി.