Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സുപ്രീം കോടതി ഞങ്ങളുടെത്’: രാമക്ഷേത്രം തീർച്ചയായും നിർമിക്കുമെന്ന് ബിജെപി മന്ത്രി

Yogi-Adithyanath-Ayodhya അയോധ്യയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സരയു നദിയിൽ ജലപൂജ നടത്തുന്നു (ഫയൽ ചിത്രം)

ലക്‌നൗ∙ സുപ്രീം കോടതി ‘തങ്ങളുടെതായിരിക്കെ’ രാമക്ഷേത്രം തീർച്ചയായും നിർമിക്കുമെന്ന് ബിജെപി മന്ത്രി. ഉത്തർപ്രദേശ് സഹകരണ മന്ത്രി മുകുത് ബിഹാരി വർമയാണു വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന നിശ്ചയദാര്‍ഢ്യവുമായാണ് ബിജെപി അധികാരത്തിലെത്തിയത്. പാർട്ടി ഉറപ്പു നൽകിയ രാമക്ഷേത്രം അയോധ്യയിൽ തന്നെ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണല്ലോയെന്നു മാധ്യമ പ്രവർത്തകർ ഓർമിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സുപ്രീംകോടതിയും നിയമവ്യവസ്ഥയും നമ്മുടേതാണ് എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഭരണവും രാജ്യവും രാമക്ഷേത്രവുമെല്ലാം നമ്മുടേതാണ് എന്ന കൂട്ടിച്ചേർക്കലുമുണ്ടായി. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

രാജ്യത്തെ ജനങ്ങള്‍ എന്നനിലയില്‍ സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നും അല്ലാതെ കോടതി ബിജെപിയുടെ ഭാഗമാണ് എന്നല്ല അർഥമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ ബഹ്‍റെയ്ച്ചിലുള്ള കൈസൻഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുകുത് ബിഹാരി വര്‍മ.

കഴിഞ്ഞ ജൂണിൽ, രാമക്ഷേത്രം നിർമിക്കുന്നതിന് സർക്കാർ നിയമനിർമാണം നടത്തണമെന്ന പ്രസ്താവനയുമായി യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയയും രംഗത്തെത്തിയിരുന്നു. കോടതിവിധിയിൽ കാലതാമസം നേരിടുമെന്നിരിക്കെ ക്ഷേത്ര നിർമാണത്തിനു മറ്റു വഴികൾ തേടണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രം നിർമിക്കണമെന്ന് ആത്മീയ നേതാവ് റാം വിലാസ് വേദാന്തിയും പറഞ്ഞിരുന്നു.

related stories