Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ആയുഷ്മാൻ ഭാരത്: ‘തട്ടിപ്പെന്ന്’ തോമസ് ഐസക്

narendra-modi-thomas-isaac പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി ടി.എം.തോമസ് ഐസക്

ന്യൂഡ‍ൽഹി∙ രാജ്യത്തെ 50 കോടിയിലേറെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്‌മാൻ ഭാരത് പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടെങ്കിലും മുഖം തിരിച്ച് കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾ‌. തെലങ്കാന, ഒഡീഷ, ഡൽഹി, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളാണു പദ്ധതിയുമായി സഹകരിക്കാത്തത്. നിലവിൽ മികച്ച പദ്ധതികളുള്ളതിനാൽ ‘മോദി കെയർ’ എന്നു വിളിപ്പേരുള്ള ആയുഷ്മാൻ ഭാരത് തൽക്കാലം വേണ്ടെന്നാണു സംസ്ഥാനങ്ങളുടെ നിലപാട്.

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ അവതരിപ്പിച്ച സ്വപ്നപദ്ധതി, ‘വലിയ തട്ടിപ്പ്’ ആണെന്നാണു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. സർക്കാർ ചെലവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ (പിഎംജെഎവൈ– ആയുഷ്മാൻ ഭാരത്) എന്നാണു കേന്ദ്രം അവകാശപ്പെടുന്നത്. ഇത്രയും വമ്പൻ പദ്ധതിക്കു പണം എവിടെനിന്നാണെന്നു തോമസ് ഐസക് ചോദിക്കുന്നു.

‘നിലവിലുള്ള ആർഎസ്ബിവൈ പദ്ധതിപ്രകാരം 1250 രൂപ പ്രീമിയം അടച്ചാൽ 30,000 രൂപയുടെ ആനുകൂല്യമാണു കിട്ടുന്നത്. എന്നാൽ, 1,110 രൂപയുടെ പ്രീമിയത്തിന് അഞ്ചു ലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നാണ് ആയുഷ്മാൻ ഭാരതിന്റെ വാഗ്ദാനം. കുറഞ്ഞ പ്രീമിയത്തിൽ ഇത്രയും കൂടിയ തുകയുടെ നേട്ടം കിട്ടുമെന്നതു സാധ്യമാണോ?’– തോമസ് ഐസക് ചോദിച്ചു.

അതേസമയം, ആയുഷ്മാൻ ഭാരത് കേരളം വേണ്ടെന്നുവച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. മാനദണ്ഡങ്ങൾ സംബന്ധിച്ചു സംസ്ഥാനത്തിനു ചില ആശങ്കകളുണ്ട്. കേരളത്തിലെ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ക്രോഡീകരിച്ചുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്.  ഈ രണ്ടിൽ ഏതാണു ജനങ്ങൾക്കു കൂടുതൽ പ്രയോജനകരമാകുക എന്നതിനെ അടിസ്ഥാനമാക്കിയാണു തീരുമാനമെടുക്കുക. കേന്ദ്രവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ശനിയാഴ്ച ഒഡീഷയിലെ പൊതുപരിപാടിയിൽ പങ്കെടുക്കവേ, ആയുഷ്മാൻ ഭാരതിൽ ചേരാത്തതിനു മുഖ്യമന്ത്രി നവീൻ പട്നായ്ക്കിനെ വിമർശിച്ച മോദി, തീരുമാനം തിരുത്തണമെന്ന്് ആവശ്യപ്പെട്ടു. ബിജു സ്വാസ്ഥ്യ കല്യാൺ യോജന ആയുഷ്മാൻ ഭാരതിനേക്കാൾ മെച്ചമാണെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനൊപ്പം സ്ത്രീകൾക്ക് ഏഴു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഇന്ധന വിലവർധന കുറയ്ക്കാനുള്ള ശ്രമങ്ങളാണു മോദി ചെയ്യേണ്ടതെന്നും പട്നായിക് മറുപടി പറഞ്ഞു.

ആരോഗ്യശ്രീ പദ്ധതി സംസ്ഥാനത്തെ 70 ശതമാനം ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും ആയുഷ്മാൻ ഭാരത് 80 ലക്ഷം പേർക്കു മാത്രമേ ലഭിക്കൂവെന്നും ചൂണ്ടിക്കാട്ടിയാണു തെലങ്കാന വിസമ്മതം അറിയിച്ചത്. ആയുഷ്മാൻ ഭാരത് കാർഡിൽ മോദിയുടെ ചിത്രമുള്ളതു ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാകുമെന്നും സംസ്ഥാനത്തെ പ്രധാനപാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വിലയിരുത്തുന്നു. രണ്ടുകോടി ജനസംഖ്യയുള്ള ഡൽഹിയിലെ ആറുലക്ഷം പേരെ (മൂന്നു ശതമാനം) മാത്രം ഉൾക്കൊള്ളുന്നതാണു ഡൽഹിയുടെ എതിർപ്പിനു കാരണം. സമാന കാരണമാണു പഞ്ചാബും മുന്നോട്ടുവയ്ക്കുന്നത്

എന്താണ് ആയുഷ്മാൻ ഭാരത്?

∙ ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും ഏകദേശം 50 കോടി കുടുംബാംഗങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ

∙ ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ്

∙ 1,354 ആരോഗ്യ പാക്കേജുകൾ പദ്ധതിയുടെ ഭാഗം.

∙ ഹൃദ്രോഗങ്ങൾ, കരൾ– വൃക്ക രോഗങ്ങൾ, പ്രമേഹം, സ്റ്റെന്റ്, ബൈപാസ് സർജറി, മുട്ടുമാറ്റിവയ്ക്കൽ തുടങ്ങി ചെലവേറിയ ചികിത്സകൾക്കും ഇൻഷുറൻസ്

‌∙ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 അനുപാതത്തിൽ തുക വകയിരുത്തും

∙ അർഹരായവർക്ക് ആശുപത്രിയിൽ ഒട്ടും പണം അടയ്ക്കേണ്ടാത്ത കാഷ്‌ലെസ് സേവനം

∙ പദ്ധതിയിൽ ചേരാൻ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല

∙ ‌പൂർണതോതിൽ നടപ്പാക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സർക്കാർ ആരോഗ്യസുരക്ഷാ പദ്ധതി 

∙ പൂർണതോതിലായാൽ സർക്കാർ, സ്വകാര്യ മേഖലകളിലെ 13,000 ആശുപത്രികൾ പങ്കാളികളാകും

∙ ഗുണഭോക്താക്കൾക്കെല്ലാം ക്യുആർ കോഡ് രേഖപ്പെടുത്തിയ കാർഡുകൾ ആരോഗ്യമന്ത്രാലയം നേരിട്ടെത്തിക്കും

∙ 2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതു കേന്ദ്ര സർക്കാർ. 

∙ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്വാസ്ഥ്യ ബിമ യോജന പദ്ധതി ഗുണഭോക്താക്കളെല്ലാം പദ്ധതിയുടെ ഭാഗം. 

∙ ആധാർ നിർബന്ധമില്ല. ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽരേഖ മതി.

∙ ഗ്രാമീണ ഗുണഭോക്താക്കൾ: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടു മാത്രമുള്ളവർ, പട്ടികവിഭാഗക്കാർ, 16–59 പ്രായവിഭാഗത്തിലുള്ള പുരുഷന്മാർ ഇല്ലാത്ത കുടുംബങ്ങൾ, ഭൂരഹിതർ, സ്ഥിരവരുമാനമില്ലാത്ത തൊഴിലാളികൾ തുടങ്ങിയവർ. 

∙ നഗരങ്ങളിലെ ഗുണഭോക്താക്കൾ: വീട്ടുജോലിക്കാർ, വഴിയോരക്കച്ചവടക്കാർ, ചപ്പുചവർ ശേഖരിക്കുന്നവർ, നിർമാണത്തൊഴിലാളികൾ, പ്ലമർ, പെയിന്റർ, ഇലക്ട്രിഷൻ, വെൽഡർ, ഡ്രൈവർ, ‍ഡ്രൈവറുടെ സഹായി, റിക്ഷാക്കാർ, ശിപായി, വെയിറ്റർ, കടകളിലെ തൊഴിലാളികൾ, കാവൽജോലിക്കാർ, യാചകർ തുടങ്ങിയവർ.

∙ ഗുണഭോക്താക്കളുടെ പട്ടിക mera.pmjay.gov.in വെബ്സൈറ്റിൽ പരിശോധി‌ക്കാം. ഹെൽ‌പ്‌ലൈൻ (14555) വഴിയും വിവരം തേടാം.

related stories