Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാലിൽ തിളച്ച് ഇന്ത്യ; ബന്ധം തകരുമോയെന്ന ആശങ്കയിൽ ഫ്രാൻസ്

Rafale fighter jet

പാരിസ്/ ന്യൂഡൽഹി ∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഫ്രാൻസ്. റഫാൽ യുദ്ധവിമാന നിർമാണക്കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയത് ഇന്ത്യ പറഞ്ഞിട്ടാണെന്നു ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് വെളിപ്പെടുത്തിയിരുന്നു. ഒലോൻദിന്റെ വാക്കുകൾ ഇന്ത്യയിൽ പ്രതിപക്ഷം ആയുധമാക്കിയതിനു സമാനമായി ഫ്രാൻസിലും രാഷ്ട്രീയ വിവാദങ്ങൾ തലപൊക്കി.

‘ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള രാജ്യാന്തര ബന്ധം പ്രധാനപ്പെട്ടതാണ്. ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകൾ ബന്ധത്തെ ബാധിക്കാനിടയുണ്ട്. ഇവ ആരെയും സഹായിക്കില്ല, പ്രത്യേകിച്ചും ഫ്രാൻസിനെ. ഒരാൾ (ഫ്രാൻസ്വ ഒലോൻദ്)‌ അധികാരത്തിൽ ഇപ്പോൾ ഇല്ലെന്നിരിക്കെ, ഇന്ത്യയിൽ വിവാദമുണ്ടാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്നതു ശരിയല്ല’– ഫ്രാൻസ് വിദേശകാര്യ സഹമന്ത്രി ഴാങ് ബാപ്റ്റിസ്റ്റെ ലിമോനെ പറഞ്ഞു.

അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം പ്രഖ്യാപിക്കാനിരിക്കെ, റഫാൽ പോർമുനയുമായി കോൺഗ്രസും  ബിജെപിയും രംഗത്തെത്തിയതിനു പിന്നാലെയാണു ഫ്രാൻസ് ആശങ്ക രേഖപ്പെടുത്തിയത്. ഫ്രാൻസ്വ ഒലോൻദിന്റെ പ്രസ്താവനയെതുടർന്ന്, ‘കാവൽക്കാരൻ തന്നെ കള്ളൻ’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചു. 1.30 ലക്ഷം കോടി രൂപയുടെ അഴിമതിയാണുണ്ടായതെന്നും രാജ്യത്തിനായി രക്തം ചിന്തിയ സൈനികരെ പ്രധാനമന്ത്രി അവഹേളിച്ചെന്നും രാഹുൽ പറഞ്ഞു.

റിലയൻസിനെ പങ്കാളിയാക്കാൻ ഇന്ത്യ സമ്മർദം ചെലുത്തിയതായി അറിയില്ലെന്നും ഇക്കാര്യം വിശദീകരിക്കേണ്ടതു ഫ്രഞ്ച് കമ്പനിയായ ഡാസോ ആണെന്നും ഒലാൻദ് നിലപാടുമാറ്റി. സാങ്കേതികവിദ്യാ കൈമാറ്റത്തിനു റിലയൻസിനെ തിരഞ്ഞെടുത്തതിൽ സർക്കാരുകൾക്കു പങ്കില്ലെന്ന ഔദ്യോഗിക നിലപാടിലാണ് ഇന്ത്യയും ഫ്രാൻസും.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി, ഈരംഗത്തു പരിചയമില്ലാത്ത റിലയൻസിനു കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. മാത്രമല്ല, യുപിഎ കാലത്ത് 126 വിമാനങ്ങൾ വാങ്ങുന്നതിനു ധാരണയായിരുന്നത് എൻഡിഎ കാലത്ത് 36 വിമാനങ്ങളായി ചുരുങ്ങിയെന്നും കരാർ തുക കൂടിയെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. 

related stories