Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീ പ്രവേശം: കോടതി വിധി നിയമം, റിവ്യൂ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി

Sabarimala

തിരുവനന്തപുരം∙ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം. അതു നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്. വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമം.

അമ്പലത്തിനകത്തേക്കു പോകാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ തടയാന്‍ പറ്റില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ വിന്യസിക്കും. മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പൊലീസിനെയും വിന്യസിക്കാന്‍ ആലോചിക്കുന്നുണ്ട്. സുപ്രീംകോടതി എന്തും പറയട്ടെ നമ്മള്‍ ചെയ്യില്ല എന്ന നിലപാടു സ്വീകരിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാർ പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. ദേവസ്വം പ്രസിഡന്റ് ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ പറയാറുണ്ട്. അത് അദ്ദേഹത്തിനു മാത്രം ബാധകമായ കാര്യങ്ങളാണ്. തന്റെ വീട്ടില്‍നിന്നു സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്നു ദേവസ്വം പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ഇങ്ങനെ മാധ്യമങ്ങളോടു പറഞ്ഞാല്‍ അത് എന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ വ്യാഖ്യാനിക്കും. അതാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.