Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സംസ്ഥാനത്തേത് വിഭജനത്തിന്റെ രാഷ്ട്രീയം; ശബരിമലയിൽ ബിജെപിക്ക് നേട്ടമുണ്ടാകില്ല’

pp-mukundan പി.പി. മുകുന്ദൻ (ഫയൽ ചിത്രം)

കൊച്ചി∙ ശബരിമല പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ നേട്ടം ബിജെപിക്കു ലഭിക്കുമെന്നു പറയാനാവില്ലെന്നു മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. വിശ്വാസത്തിന്‍റെ രാഷ്ട്രീയമല്ല വിഭജനത്തിന്‍റെ രാഷ്ട്രീയമാണു സംസ്ഥാനത്തിപ്പോള്‍ കാണുന്നതെന്നും മുകുന്ദന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണു ശബരിമല വിഷയത്തെ സങ്കീര്‍ണമാക്കിയതെന്നു കുറ്റപ്പെടുത്തിയ മുകുന്ദന്‍, ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയ വിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

‘ഞങ്ങളെക്കാളും വിശ്വാസികള്‍ രംഗത്തുണ്ട് എന്നു രാഷ്ട്രീയ കക്ഷികള്‍ അറിയേണ്ടിയിരുന്നു. വിശ്വാസത്തിന്‍റെ രാഷ്ട്രീയമാണു വേണ്ടത്. വിഭജനത്തിന്‍റെ രാഷ്ട്രീയമല്ല’ – ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരം മനസിലാക്കുന്നതില്‍ ഹിന്ദു സംഘടനകളടക്കം പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് ഈ വാക്കുകളിലൂടെ പി.പി. മുകുന്ദന്‍ പറഞ്ഞു വയ്ക്കുന്നത്. വിശ്വാസികളുടെ വികാരമുള്‍ക്കൊളളുന്നതിലുണ്ടായ ആശയക്കുഴപ്പം ബിജെപിയടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തിരിച്ചടിയാകുമെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു.

‘ബിജെപിക്ക് അനുകൂലമാകും എന്നു പറയാന്‍ പറ്റില്ല. ഒരിക്കലും പറയാന്‍ പറ്റില്ല. ജനങ്ങള്‍ക്ക് ഒരു വിശ്വാസം വേണ്ടേ. സുപ്രീംകോടതി ഉത്തരവു വന്ന ശേഷമുളള കണ്‍ഫ്യൂഷന്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയില്ലേ..?’ അദ്ദേഹം ചോദിക്കുന്നു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ദുര്‍വാശിയവസാനിപ്പിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും മുകുന്ദന്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പി.പി.മുകുന്ദന്‍ കത്തയച്ചു.