Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ‘നീറോ’; യുവതികളെപ്പറ്റിയുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് പരിശോധിച്ചോയെന്നും മുല്ലപ്പള്ളി

Mullappally-Ramachandra-Sabarimala മാധ്യമപ്രവർത്തക കവിത, ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ, മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ∙ റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി ഗൾഫ് നാടുകളിൽ വീണവായിച്ചു നടക്കുകയാണെന്നു ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുമ്പോൾ കുടുംബസമേതം വിനോദസഞ്ചാരത്തിനെന്ന പോലെ ഗൾഫിൽ പോയിരിക്കുകയാണു മുഖ്യമന്ത്രി. പൊലീസിന്റെ വേഷവിധാനം നൽകി യുവതികളെ ശബരിമലയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടുപോയതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. 

കലാപത്തിനു പോകുന്നവരെപ്പോലെയുള്ള സന്നാഹങ്ങളോടെയാണു പൊലീസ് സംഘം പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം നേതൃത്വം, ഡിജിപി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഗൂഢാലോചനാക്കുറ്റത്തിനു കേസെടുക്കണം.

സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണം. സാമുദായിക ധ്രുവീകരണം നടത്തി തിരഞ്ഞെടുപ്പിൽ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം സിപിഎമ്മിനും ശബരിമലയെ മറ്റൊരു അയോധ്യയാക്കണമെന്ന ലക്ഷ്യം ബിജെപിക്കുമുണ്ട്. ശബരിമലയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രശ്നപരിഹാര ശ്രമങ്ങൾക്ക് ഇനിയും സമയമുണ്ട്. അതിനു സർക്കാർ തയാറാകണം. 

ശബരിമലയിൽ പോകാൻ ശ്രമിച്ച യുവതികൾ യഥാർഥ വിശ്വാസികളായിരുന്നോ? അവരുടെ പശ്ചാത്തലം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് പരിശോധിച്ചിട്ടുണ്ടോ? ചിരിച്ചുകൊണ്ടു കൈവീശി വിനോദസഞ്ചാരികളെപ്പോലെയാണോ ഏതെങ്കിലും ഭക്തർ ശബരിമലയിൽ പോവുക?

ശബരിമലയിൽ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിൽ, കരുതിക്കൂട്ടി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ട്. ഈശ്വരവിശ്വാസികളായ ഭക്തർ രാഷ്ട്രീയ പാർട്ടികളുടെ കരുക്കളാകരുത്. കോൺഗ്രസിന്റെ നിലപാടിൽ വെള്ളം ചേർക്കില്ല. അന്ത്യം വരെ വിശ്വാസികൾക്കൊപ്പം നിൽക്കും. ശബരിമല വിഷയത്തിൽ മന്ത്രിസഭയിലും പാർട്ടിയിലും ഭിന്നാഭിപ്രായമുണ്ടെന്നും സിപിഎം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.