Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ നിക്ഷേപത്തിന് യുഎഇ കമ്പനികള്‍ക്കു താല്‍പര്യം: മുഖ്യമന്ത്രി

pinarayi-vijayan-1 മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നു. (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ കേരളത്തില്‍ നിക്ഷേപം നടത്താന്‍ യുഎഇയിലെ പ്രമുഖ കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പ്രതിനിധികള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും യുഎഇ സന്ദര്‍ശത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രളയ പുനര്‍നിര്‍‌മാണത്തിന് വിദേശ സഹായം േതടുന്നതിനായി 17-ാം തീയതിയാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയിലേക്കു പോയത്.

യുഎഇയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളില്‍ ഒന്നായ മുബദല താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരുകൂട്ടര്‍ക്കും യോജിപ്പുളള മേഖലകള്‍ കണ്ടെത്താന്‍ മുബദല ഉടന്‍ തന്നെ ഉന്നതതല സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കും. 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുളള മുബദലയുടെ ചെയര്‍മാന്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്.

കേരളത്തില്‍ തുറമുഖ മേഖലയില്‍ നിക്ഷേപമുളള ദുബായ് ഡിപി വേള്‍ഡിന്‍റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘവുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരള സര്‍ക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക് പാര്‍ക്, ഇന്‍ഡ്സട്രിയല്‍ പാര്‍ക്ക് തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഡിപി വേള്‍ഡ് സന്നദ്ധത അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള ജലപാതാ പദ്ധതിയില്‍ ഭാഗമാകാന്‍ അവര്‍ക്ക് അതിയായ താല്‍പര്യമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ചരക്കു നീക്കം സുഗമമാക്കാന്‍ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ അവര്‍ തയാറാണ്. ഉടന്‍ തന്നെ ഒരു ഉന്നതതല സംഘത്തെ അവര്‍ കേരളത്തിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സ്മാര്‍ട് സിറ്റി നടപ്പിലാക്കുന്ന ദുബായ് ഹോഡിങ് ചെയര്‍മാന്‍ അബ്ദുല്ല ഹബ്ബായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. യുഎഇയിലെ പ്രധാനപ്പെട്ട മൂന്നു ചാരിറ്റബിള്‍-ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുകളുമായി വിശദമായ കൂടിക്കാഴ്ച നടന്നു. യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായ്ദ് അല്‍ നഹ്യാന്‍റെ സഹോദരനും എമിറേറ്റ്സ് റെഡ് ക്രസന്‍റ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായ്ദ് അല്‍ നഹ്യാനുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ സ്ഥാപനങ്ങളിലൊന്നാണ് എമിറേറ്റ്സ് റെഡ് ക്രസന്‍റ്. ദുരന്തഘട്ടത്തില്‍ തന്നെ റെഡ് ക്രസന്‍റ് സ്വന്തം നിലയ്ക്ക് കേരളത്തെ സഹായിക്കാന്‍ സംഭാവനകള്‍ സ്വീകരിച്ചിരുന്നു.

യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ നാമധേയത്തിലുളള സായിദ് ചാരിറ്റബിള്‍ ആൻഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാനും യുഎഇ പ്രസിഡന്‍റിന്‍റെ സഹോദരനുമായ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത്. കേരള പുനര്‍നിര്‍മിതിയുടെ രൂപരേഖ വിശദമായി ഇരുവരും ചോദിച്ചറിഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് വിശദമായി ചര്‍ച്ചകള്‍ നടത്തി കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്നുളള ഉറപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.

ഭവനനിര്‍മാണം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ സന്നദ്ധമാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബു- മെല്‍ഹ മുഖ്യമന്ത്രിയെ അറിയിച്ചു. ദുബായ് സഹിഷ്ണുതാകാര്യ വകുപ്പ് ക്യാബിനറ്റ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി അദ്ദേഹത്തിന്‍റെ കൊട്ടാരത്തില്‍ കേരള സംഘം ചര്‍ച്ച നടത്തി. കേരളം ഒരിക്കലും കഷ്ടപ്പെടാന്‍ യുഎഇ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ദുബായ് ഭരണകൂടത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ക്യാബിനറ്റ് അഫയേഴ്സ് വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി. അവധിയായിട്ടുകൂടി വെള്ളിയാഴ്ച ദിവസം കേരളത്തില്‍നിന്നുള്ള സംഘത്തെ സ്വീകരിക്കാന്‍ അദ്ദേഹം ഓഫീസിലെത്തിയെന്നത് കേരളത്തോടുളള അവരുടെ മമതയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories