Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർന്നത് 49 ബസുകൾ, നഷ്ടം 1.25 കോടി; ജാമ്യത്തിനു വ്യവസ്ഥയുമായി തച്ചങ്കരി

hartal-ksrtc-bus-attack ഹർത്താലിനിടെ തകർത്ത കെഎസ്‍ആർടിസി ബസ്, ഡിജിപിക്ക് അയച്ച കത്തിന്റെ പകർപ്പ്

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഡിജിപിക്കു കത്തു നല്‍കി. നഷ്ടപരിഹാരം ഈടാക്കുന്നതിനായി, കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നാശനഷ്ടത്തെപറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കോടതികളില്‍ പരാതി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലുണ്ടായ പ്രതിഷേധത്തില്‍ തകര്‍ന്നത് 49 കെഎസ്ആര്‍ടിസി ബസുകളാണ്. ബസുകള്‍ തകര്‍ന്നതും ട്രിപ്പുകള്‍ മുടങ്ങിയതും ഉള്‍പ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോര്‍പറേഷനുണ്ടായത്. പമ്പയില്‍ ഉണ്ടായ പ്രതിഷേധത്തില്‍ മാത്രം 23 ബസുകള്‍ക്കാണു നാശനഷ്ടം ഉണ്ടായത്. ബസുകളുടെ ചില്ലുകളും ലൈറ്റും ഡിസ്പ്ലേ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. പമ്പയിലെ പ്രതിഷേധ സമരത്തിലുണ്ടായ നഷ്ടം 63,0500. മറ്റുള്ള സ്ഥലങ്ങളിലെ പ്രതിഷേധത്തില്‍ 89,000 രൂപയുടെ നഷ്ടമുണ്ടായി. ബസുകള്‍ക്ക് തകരാര്‍ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപ. വരുമാനനഷ്ടം 46,00,000. ആകെ നഷ്ടം 53,19,500 രൂപ.

സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ വസ്തുവകകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി തകര്‍ക്കപ്പെട്ടാല്‍ ആ നഷ്ടം ആക്രമണത്തിനു നേതൃത്വം നല്‍കിയ വ്യക്തികളില്‍നിന്നോ സംഘടനകളില്‍നിന്നോ ഈടാക്കണമെന്ന് 2003ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണു നഷ്ടപരിഹാരം ഈടാക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.