Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരക്കാരെ അടിച്ചമർത്തിയാൽ സർക്കാരിനെ താഴെയിടും; മുന്നറിയിപ്പുമായി അമിത് ഷാ

Amit Shah ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനായി താളിക്കാവിൽ നിർമിച്ച മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: ധനേഷ് അശോകൻ

കണ്ണൂർ∙ ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കാൻ സമരം ചെയ്യുന്നവരെ ഡിവൈഎഫ്ഐക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ സർക്കാരിനെ വലിച്ചു താഴെയിടാൻ ബിജെപി പ്രവർത്തകർ മടിക്കില്ലെന്നും ഇതു പിണറായി സർക്കാർ ചെവി തുറന്നു കേട്ടോളൂവെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശബരിമലയിലെ ആചാരങ്ങളിൽ കൈകടത്തിയാൽ രാജ്യത്തെ മുഴുവൻ ബിജെപി പ്രവർത്തകരും ഒരൊറ്റ ശിലയായി അയ്യപ്പ ഭക്തർക്കൊപ്പം നിൽക്കും. സർക്കാരിന് ഇത്തരം നിർദേശങ്ങൾ നൽകുന്ന കോടതികളോട്, നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ വേണം നൽകേണ്ടതെന്നാണു പറയാനുള്ളത്. അപ്രായോഗിക ഉത്തരവുകളിൽനിന്നു കോടതി പിൻമാറണമെന്നും ഷാ ആവശ്യപ്പെട്ടു.

ഒരു വശത്തു ഭക്തിയുടെയും ധർമത്തിന്റെയും ശക്തികളും മറുവശത്ത് സർക്കാരിന്റെ പിടിവാശിയുമാണു ശബരിമലയിൽ ഏറ്റുമുട്ടുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും മാത്രമല്ല, എൻഎസ്എസിന്റെയും ബിഡിജെഎസിന്റെയും പ്രവർത്തകരെയും സർക്കാർ ജയിലിൽ അടച്ചു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാത്ത വകുപ്പുകളാണു ചുമത്തിയത്. ആരുടെ മുതലാണ് ഇവർ നശിപ്പിച്ചതെന്നു സർക്കാർ പറയണം – അമിത് ഷാ വ്യക്തമാക്കി.

Amit Shah ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനായി താളിക്കാവിൽ നിർമിച്ച മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: ധനേഷ് അശോകൻ

സ്ത്രീ–പുരുഷ തുല്യതയെന്നത് ക്ഷേത്രാരാധന നടത്തുന്നതിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഹിന്ദു ആചാരങ്ങളിലും ഉൽസവങ്ങളിലും സ്ത്രീകൾക്കു തുല്യസ്ഥാനം നൽകാറുണ്ട്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണു ഹിന്ദു സമൂഹം പിന്തുടരുന്നത്. സ്ത്രീകൾക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളുണ്ട്. ശബരിമലയൊഴികെ രാജ്യത്തെ മറ്റെല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്ത്രീകൾക്കു പ്രവേശനമുണ്ട്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് ഇവിടെ യുവതീപ്രവേശം നിഷിദ്ധമായിരിക്കുന്നത്. സാമൂഹിക അനാചാരങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിന്നവരാണു ഹിന്ദു സമൂഹം. ബഹുഭാര്യാത്വത്തിനെതിരെ, ബാലികാ വിവാഹത്തിനെതിരെ, വിധവാ വിവാഹത്തിന് അനുകൂലമായെല്ലാം നിലകൊണ്ടുവെന്നും ഷാ കൂട്ടിച്ചേർത്തു.

Amit Shah ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനായി താളിക്കാവിൽ നിർമിച്ച മാരാർജി ഭവൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: ധനേഷ് അശോകൻ

സുപ്രീംകോടതിയുടെ ഒട്ടേറെ വിധികൾ രാജ്യത്തുണ്ട്. വാരാണസിയിലെ ഷിയ–സുന്നി തർക്കം, മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രണം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ സംബന്ധിച്ച വിധി ഇതൊന്നും നടപ്പാക്കാൻ രാജ്യത്തെ സർക്കാരുകൾ മുതിർന്നിട്ടില്ല. അതിലൊന്നും എടുക്കാത്ത താൽപര്യം ശബരിമലയുടെ കാര്യത്തിൽ മാത്രം കാണിക്കുന്നതെന്തിനാണ്? കേരളത്തിൽ ഇപ്പോൾ അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ സാഹചര്യമാണ്. യുവതീപ്രവേശത്തിനെതിരെ സമരം ചെയ്യുന്ന അമ്മമാരെയും സഹോദരിമാരെയുമാണു സർക്കാർ അടിച്ചമർത്തുന്നത്. ഭക്തരെ അടിച്ചമർത്താനുള്ള ഈ ആവേശത്തിന്റെ നൂറിലൊരംശം, പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ സർക്കാർ കാണിച്ചിരുന്നെങ്കിൽ കടമ നിറവേറ്റി എന്നു പറയാമായിരുന്നു. അതു ചെയ്യാത്ത പിണറായി വിജയനു മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.

Amit Shah ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനായി താളിക്കാവിൽ നിർമിച്ച മാരാർജി ഭവൻ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനവേദിയിലേക്കു എത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ചിത്രം: ധനേഷ് അശോകൻ

കേരളത്തിനു വേണ്ടി പ്രധാനമന്ത്രി ഒട്ടേറെ പദ്ധതികൾ നൽകി. ഐഐടി, കഞ്ചിക്കോട് റെയിൽ ഫാക്ടറി വികസന പദ്ധതികൾ, ദേശീയ പാതാ വികസന പദ്ധതികൾ. എന്നാൽ അതിനുള്ള ഭൂമി ഏറ്റെടുത്തു നൽകാനുള്ള സമയമോ, താൽപര്യമോ സംസ്ഥാന സർക്കാരിനില്ല. പകരം അയ്യപ്പ ഭക്തരെ ലാത്തിച്ചാർജ് നടത്താനാണു താൽപര്യം. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ തയാറാകണമെന്ന് അമിത് ഷാ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഇരുകയ്യുമുയർത്തി ഉച്ചത്തിൽ സ്വാമിശരണം വിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

Amit Shah ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനായി താളിക്കാവിൽ നിർമിച്ച മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു. ചിത്രം: ധനേഷ് അശോകൻ

ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാൻ കണ്ണൂരിലെത്തിയതായിരുന്നു. ബലിദാനികളായ ചാവശ്ശേരി ഉത്തമന്റെയും മകൻ രമിത്തിന്റെയും പിണറായിയിലെ വീട്ടിൽ ഉദ്ഘാടനശേഷം സന്ദർശനം നടത്തി. രാവിലെ പതിനൊന്നരയോടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അമിത് ഷായ്ക്കൊപ്പം അദ്ദേഹത്തിന്റെ പത്നിയുമുണ്ടായിരുന്നു.