Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനെ താഴെയിടാൻ ഈ തടി പോരാ; അതൊക്കെ ഗുജറാത്തിൽ: മുഖ്യമന്ത്രി

cm-palakkad പാലക്കാട് പട്ടികജാതി ക്ഷേമസമിതി സമ്മേളന വേദിയിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്∙ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചുകളയാം എന്ന് തോന്നുന്നുണ്ടെങ്കിൽ അത് വളരെ മോശമായി പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ വലിച്ച് താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തിൽ മതി. ഇഷ്ടം പോലെ എടുത്ത് കൈകാര്യം ചെയ്യാവുന്നതല്ല കേരളത്തിലെ സർക്കാർ. ഈ നാടിനേയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ഭീഷണിപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ അൽപൻമാർക്കു മറുപടി പറയേണ്ടതില്ല. എന്നാൽ ഇതിനു പിന്നില്‍ അണിനിരന്ന ചിലരുണ്ട്. അവർകൂടി അറിയാനാണ് ഇതു പറയുന്നത്. എത്ര കാലമായി കേരളത്തിൽ ബിജെപി രക്ഷപ്പെടാൻ നോക്കുന്നു. എന്താണു നടന്നത്?. നിങ്ങൾക്കീ മണ്ണിൽ സ്ഥാനമില്ലെന്ന് ഓർക്കണമെന്നും അമിത് ഷായ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 ശബരിമല സംഘർഷത്തിലെ പൊലീസ് നടപടി വിശ്വാസികൾക്കെതിരല്ല. വിശ്വാസി ആയാൽ അക്രമം നടത്താമോ? ഇതു വിശ്വാസിയല്ല, ക്രിമിനലുകളെ റിക്രൂട്ട് ചെയ്ത് അവിടെയെത്തിക്കുകയായിരുന്നു. സംഘപരിവാറാണ് ശബരിമലയിൽ ആക്രമണത്തിനു നേതൃത്വം കൊടുത്തത്. ശബരിമലയിലെത്തുന്ന വിശ്വാസികൾക്ക് അയ്യപ്പദര്‍ശനം നടത്താൻ എല്ലാ നടപടിയും സർ‍ക്കാർ സ്വീകരിക്കും. എന്നാൽ അതിന് എതിരു നിൽക്കുന്ന സമീപനം അംഗീകരിക്കില്ല. സ്ത്രീകളോട് ശബരിമലയിൽ പോയ്ക്കൊള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണു വിധിച്ചത്. അതു നാട്ടിലെ നിയമമാണ്. ഇതും നിയമവാഴ്ചയുള്ള സംസ്ഥാനമാണ്. അവിടെ ഭരണഘടനാനുസൃതമായേ പ്രവർത്തിക്കാൻ സാധിക്കൂ. 

ശബരിമലയുടെ കാര്യത്തിൽ ഒട്ടേറെ തെറ്റിദ്ധാരണകൾ പരത്താന്‍ ചിലർ ശ്രമിക്കുന്നു. ചില മാധ്യമങ്ങളിൽ ഇപ്പോഴുണ്ടായ പൊലീസ് നടപടി വിശ്വാസികൾക്കെതിരെയാണെന്നു ചിത്രീകരിക്കുന്നുണ്ട്. ഏതു വിശ്വാസികൾക്കെതിരെയാണു നടപടിയെടുത്തത്?. വിശ്വാസം അനുസരിച്ചു ജീവിക്കുന്നതിനു എല്ലാ സൗകര്യവും ചെയ്യുമെന്നതാണു സർക്കാർ നയം–മുഖ്യമന്ത്രി അവകാശപ്പെട്ടു.

ശബരിമല റിപ്പോർട്ടിങ്ങിനു പോയ മാധ്യമപ്രവർത്തകർക്കു മർദ്ദനമേറ്റിരുന്നു. പിറകിൽ മൂർച്ചയുള്ള സാധനം കുത്തിയിട്ട് ഇതു പറയെടാ എന്നു പറഞ്ഞായിരുന്നു ഭീഷണി. നിങ്ങളിനിയും വന്നോളു, ചെയ്തോളു, സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കേന്ദ്രമാണ് ശബരിമല എന്നാണോ സർക്കാർ പറയേണ്ടതെന്നും പിണറായി ചോദിച്ചു. ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കണം. എല്ലാ വിശ്വാസികൾക്കും നിർഭയം കടന്നുപോകാൻ കഴിയണം. വിശ്വാസികളെ തടയുന്നതിനാണു സംഘപരിവാർ ശ്രമിച്ചത്. ഇനി ശബരിമലയിൽ യാതൊരു അതിക്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.