Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിൽ കാവലായി ഇന്ത്യയുടെ ‘അരിഹന്ത്’; ആണവ ‘ബ്ലാക്മെയിലിങ്’ ഇനി വേണ്ട: മോദി

Narendra-Modi-INS-Arihant ഐഎൻഎസ് അരിഹന്ത് വിജയകരമായി നിരീക്ഷണ ഒാട്ടം പൂർത്തിയാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം:ട്വിറ്റർ

ന്യൂഡൽഹി∙ ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വഹിക്കാവുന്ന മുങ്ങിക്കപ്പൽ ഐഎൻഎസ് അരിഹന്ത് ഇന്ത്യൻ സേനയുടെ ഭാഗമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ മുങ്ങിക്കപ്പൽ വിജയകരമായി നിരീക്ഷണ ഒാട്ടം പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, കര, വ്യോമ, കടൽ മാർഗം ആണവ മിസൈൽ വിക്ഷേപിക്കാൻ കരുത്തുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിച്ചു. യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, യുകെ എന്നിവയാണു മറ്റു രാജ്യങ്ങൾ.

ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന സംഭവമാണ് ഇതെന്നും അരിഹന്തിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  ആണവായുധങ്ങളുടെ പേരു പറഞ്ഞ് ‘ബ്ലാക്ക്മെയ്‌ലിങ്’ നടത്തുന്നവർക്കുള്ള ഉചിതമായ മറുപടിയാണ് അരിഹന്തെന്നും മോദി വ്യക്തമാക്കി.  

‘സമാധാനത്തിന്റെ രാജ്യമാണ് ഇന്ത്യ. ഏകതയുടെ മൂല്യമാണ് നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നത്. സമാധാനം ഇന്ത്യയുടെ ശക്തിയാണ് ദൗർബല്യമല്ല. രാജ്യാന്തര തലത്തിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ആണവപദ്ധതികളെയും കാണേണ്ടത്. ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കു വിദേശ ശക്തികളുടെ ഭീഷണികളിൽനിന്നു സംരക്ഷണം ഉറപ്പാക്കുന്നതാണ് അരിഹന്ത്’– മോദി ട്വീറ്റ് ചെയ്തു

പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരും നാവികരെ അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രി തലപ്പത്തുള്ള ന്യൂക്ലിയർ കമാൻഡ് അതോറിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അരിഹന്തിന്റെ നിർമാണം. മൂന്നു ദശാബ്ദം കൊണ്ടാണ് 6000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ വികസിപ്പിച്ചെടുത്തത്.

കടലിൽ എവിടെ നിന്നുവേണെങ്കിലും കരയിലേക്കു ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാമെന്നതാണ് അരിഹന്തിന്റെ പ്രത്യേകത. നിരീക്ഷണ സംവിധാനങ്ങൾക്കു പിടികൊടുക്കാതെ ഏറെ നേരത്തേക്ക് ‘ഒളിച്ചിരിക്കാനും’ സാധിക്കും. ശത്രുരാജ്യത്തിന്റെ തീരമേഖലയിലേക്ക് ആരും അറിയാതെ കടന്നു ചെല്ലാനും ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാനും അരിഹന്തിനു ശേഷിയുണ്ട്. കരയിൽനിന്നു വിക്ഷേപിക്കാനാകുന്ന ഷോർട്ട്–റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെക്കാൾ ഫലപ്രദമാണെന്നു ചുരുക്കം.

ചൈനയുടെ, പോരാട്ടത്തിനു സജ്ജ‍മായ ആണവ മുങ്ങിക്കപ്പൽ 2015 മുതൽ പട്രോളിങ് നടത്തുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുള്ള ഇന്ത്യയുടെ മറുപടി കൂടിയാണ് ഐഎൻഎസ് അരിഹന്ത്. ഈ മുങ്ങിക്കപ്പലിന്റെ ദൂരപരിധിയിൽ ചൈനയും ഉൾപ്പെടും. അന്തർവാഹിനിയിൽനിന്നു വിക്ഷേപിക്കാവുന്ന ബാബർ മിസൈൽ കഴിഞ്ഞ വർഷം പാക്കിസ്ഥാൻ പരീക്ഷിച്ചിരുന്നു.

related stories