Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി പ്രളയ സെസ് ‘വെള്ളത്തിൽ’; തുടർനടപടികളില്ലാതെ ആവശ്യം

kerala-flood-sky-view

ന്യൂഡൽഹി∙ പ്രളയദുരിതത്തിൽ നിന്നു കരകയറാൻ കേരളം മുന്നോട്ടുവച്ച ‘ജിഎസ്ടിക്കുമേൽ സെസ്’ ആവശ്യവും ജലരേഖയാകുന്നു. ഇതേക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ ഉപസമിതി കഴിഞ്ഞമാസം 31നകം റിപ്പോർട്ട് നൽകേണ്ടതായിരുന്നെങ്കിലും ഒരിക്കൽ യോഗം ചേർന്നതല്ലാതെ തുടർനടപടികളൊന്നുമായിട്ടില്ല.

ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീൽകുമാർ മോദി അധ്യക്ഷനായ സമിതിയിൽ മന്ത്രി തോമസ് ഐസക്കും അംഗമാണ്. കഴിഞ്ഞമാസം 15നു ചേർന്ന യോഗത്തിൽ കേരളത്തിന്റെ സാഹചര്യം ഐസക് ഉന്നയിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കത്ത് അയയ്ക്കാനുള്ള തീരുമാനം പോലും പൂർണമായി നടപ്പായിട്ടില്ല. ഈ മാസം വീണ്ടും യോഗം ചേരുമെന്നു മാത്രമാണ് ഇപ്പോൾ അറിയിക്കുന്നത്. തുടക്കത്തിലുണ്ടായിരുന്ന താൽപര്യം കേന്ദ്ര സർക്കാരിന് ഇപ്പോഴില്ലെന്നു മനസ്സിലാക്കുന്നതായി തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നാണു മുൻപു മന്ത്രി ആവർത്തിച്ചിരുന്നത്.

കേരളം മുന്നോട്ടുവച്ച നിർദേശം ദുരന്തഘട്ടങ്ങളിൽ എല്ലാ സംസ്ഥാനങ്ങൾക്കും അധിക വരുമാനം കണ്ടെത്താനുള്ള കീഴ്‌വഴക്കമാകുമെന്നാണു കരുതിയിരുന്നത്. സെസ് ദേശീയ അടിസ്ഥാനത്തിലോ സംസ്ഥാന അടിസ്ഥാനത്തിലോ എന്നതടക്കം ഒട്ടേറെ സങ്കീർണതകൾ പരിഹരിക്കാനുണ്ട്. ആഡംബര–പുകയില ഉൽപന്നങ്ങൾക്കു മാത്രം ചുമത്തിയാൽ മതിയെന്ന വാദവുമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചേ തീരുമാനമെടുക്കാനാകൂ. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അഭിപ്രായമല്ലെന്നാണു സൂചന. ജിഎസ്ടിയുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ ഒട്ടേറെ കേസുകളുള്ളതിനാൽ സെസിന് അറ്റോർണി ജനറലിന്റെ അനുമതി വേണം.

പ്രതീക്ഷിച്ചത് 2000 കോടി രൂപ

ജിഎസ്ടിക്കു മേൽ 10 ശതമാനം സെസ് എന്നതായിരുന്നു കേരളത്തിന്റെ നിർദേശം. രണ്ടു വർഷത്തേക്കു സെസ് പിരിച്ചാൽ 2000 കോടി രൂപയെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
 

related stories