Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സന്നിധാനത്ത് ഭരണകൂട ഭീകരത : മുല്ലപ്പള്ളി രാമചന്ദ്രൻ

Mullappally Ramachandran

തിരുവനന്തപുരം∙ ശബരിമല സന്നിധാനത്ത് നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭക്തരെ അറസ്റ്റ് ചെയ്തത് ഒരു പ്രകോപനവുമില്ലാതെയാണ്. നിരുത്തരവാദപരമായ സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. എസ്പിയുടെ നടപടിയിൽ സമഗ്രാന്വേഷണം വേണം. ഇയാളെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണം. വീഴ്ചകളുടെ ഘോഷയാത്രയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ശബരിമലയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. 

ശബരിമലയെ അയോധ്യയാക്കാൻ ബിജെപിയും കലാപഭൂമിയാക്കാൻ സിപിഎമ്മും ശ്രമിക്കുന്നു. ഇരുവർക്കുമുള്ളത് രാജ്യതാൽപര്യമല്ല. ശബരിമലയിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. എല്ലാവരും കുഴപ്പമുണ്ടാക്കാൻ വന്നവരാണെന്ന മുൻവിധി ശരിയല്ല.

ബിജെപി നടത്തുന്ന കപടനാടകത്തോട് യോജിപ്പില്ല. ബിജെപിക്ക് സത്യസന്ധതയുണ്ടെങ്കിൽ പ്രശ്നപരിഹാരത്തിന് 24 മണിക്കൂർ മതി. കേന്ദ്രത്തിൽ നിയമനിർമാണം നടത്താനുള്ള തന്റേടവും ആത്മാർഥതയുമാണവർ കാണിക്കേണ്ടത്. കേന്ദ്രസേനയെ വിളിക്കേണ്ട കാര്യമില്ല. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പാർട്ടി നിലപാടെടുത്തിട്ടില്ല, പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 പൊലീസ് നടപടി അംഗീകരിക്കാൻ കഴിയില്ല : ചെന്നിത്തല 

കൊച്ചി ∙ ശബരിമലയിൽ പൊലീസ് ആധിപത്യം സ്‌ഥാപിക്കാൻ ശ്രമിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘‘ ഭക്തർക്കു പ്രാർഥിക്കാൻ അവകാശമില്ലേ?  സന്നിധാനത്തെ പൊലീസ് നടപടി അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലർ ആകാനാണു ശ്രമിക്കുന്നത്. ബിജെപിക്കാരല്ലാത്ത ഭക്തർക്കു തൊഴാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. എല്ലാവരെയും ബിജെപിയിലേക്കു റിക്രൂട് ചെയ്യാനുള്ള ശ്രമമാണോ നടക്കുന്നത്? ’’ – ചെന്നിത്തല ചോദിച്ചു. 

related stories