Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സുരേന്ദ്രൻ പൂജപ്പുര ജയിലിൽ; പൂക്കൾ വിതറി അണികൾ; പ്രതിഷേധവും

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ജയിലിനുമുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണവും പ്രതിഷേധവും ഒരുപോലെ ഒരുക്കി. സുരേന്ദ്രന്‍റെ വാഹനമെത്തിയപ്പോള്‍ പൂക്കള്‍ വിതറിയും ശരണംവിളിച്ചുമാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. 

k-surendran-bjp-poojappura-jail

ജയിലിനുള്ളിലേക്ക് കൊണ്ടുപോയതോടെ ശരണംവിളി മുദ്രാവാക്യങ്ങള്‍ക്ക് വഴിമാറി. കൊട്ടാരക്കര ജയിലില്‍നിന്നാണ് സുരേന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂരില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന  സുരേന്ദ്രന്‍റെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണിത്. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചനകുറ്റം  ചുമത്തിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.

അപായപ്പെടുത്താൻ ശ്രമം; പറഞ്ഞിട്ടേ പോകൂവെന്നും പൊലീസിനോട് കെ.സുരേന്ദ്രൻ

പൊലീസ് കസ്റ്റഡിയിൽ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും കഴിഞ്ഞ ദിവസം രാത്രിതന്നെ കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്കു കൊണ്ടുവരാൻ ശ്രമിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തുനിന്നത് കൊണ്ട് മാത്രമാണ് ഒഴിവായത്. ഓരോ നിമിഷവും തിരുവനന്തപുരത്ത് നിന്ന് വിളിച്ച് പൊലീസിന് നിര്‍ദേശം നല്‍കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പറഞ്ഞിട്ടേ പോകൂവെന്ന് സുരേന്ദ്രന്‍ മറുപടി നല്‍കി. ഈ സമയത്ത് കൂടിനിന്ന ബിജെപി പ്രവര്‍ത്തകരും ബഹളം വെച്ചു. കോഴിക്കോട്ട് നിന്ന് ഉച്ചയോടെയാണ്  കെ.സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലെത്തിച്ചത്.

കേസുകളുമായി സുരേന്ദ്രന് ‘നെട്ടോട്ടം’; മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി

കെ.സുരേന്ദ്രനെ ജയില്‍ മാറ്റാന്‍ വിശ്രമമില്ലാതെ യാത്ര ചെയ്യിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി ആരോപിച്ചു. മണിക്കൂറുകള്‍ നീണ്ട യാത്രമൂലം സുരേന്ദ്രന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണിതെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. 

വിവിധ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന്റെ പേരില്‍ കേരളമൊട്ടുക്കും കെ.സുരേന്ദ്രനെതിരെ കേസുകളുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒട്ടുമിക്ക ജില്ലകളിലെ കോടതികളിലും ഹാജരാകണം. ഇങ്ങനെ, കേസില്‍ ഹാജരാക്കാനെന്ന വ്യാജേന കേരളം മുഴുവന്‍ തലങ്ങും വിലങ്ങും ഓടിക്കുന്നത് സുരേന്ദ്രന് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ബിജെപി നേതാക്കള്‍ പറയുന്നു. 

കോഴിക്കോട്ട് കേസില്‍ ഹാജരാക്കിയതിന് ശേഷം വീണ്ടും കൊട്ടാരക്കരയിലേക്ക്. വീണ്ടും തിരിച്ച് കോഴിക്കോട്ടേയ്ക്ക്. ഇങ്ങനെ, ജില്ലകള്‍ മാറിമാറി ദിവസവും ആറും ഏഴും മണിക്കൂര്‍ യാത്ര ചെയ്യിക്കുന്നത് സുരേന്ദ്രനെ മനപൂര്‍വം ബുദ്ധിമുട്ടിക്കാനാണെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും ഓഫിസില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശമാണ് ഇതിനു പിന്നില്ലെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

സുരേന്ദ്രനെ ഹാജരാക്കുന്ന ജയിലുകള്‍ക്കു മുമ്പില്‍ നാമജപം പ്രതിഷേധം രാപകല്‍ വ്യത്യാസമില്ലാതെ നടക്കുന്നുണ്ട്. കോടതി നടപടികളുടെ പേരില്‍ സിപിഎം രാഷ്ട്രീയ വൈരാഗ്യം കളിക്കുന്നതാണ് ബിജെപി പ്രതിഷേധങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നത്.