Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയോളം വർഗീയത ബിജെപിക്കില്ല; അവരുമായി സഹകരിക്കും: പി.സി. ജോര്‍ജ്

P.C. George പി.സി.ജോർജ്

കോട്ടയം ∙ ബിജെപിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് സ്ഥിരീകരിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. പി.സി. ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുമായി നിയമസഭയിലും സഹകരിക്കാൻ ധാരണയായത്. ന‌ിയമസഭയിൽ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍ പിള്ളയുമായി പി.സി. ജോര്‍ജ് ഇത് സംബന്ധിച്ച് ചർച്ച നടത്തി. എന്നാ‍ല്‍ ബിജെപിയുമായുള്ളത് നീക്കുപോക്കുകൾ മാത്രമാണെന്നും ബിജെപിയിൽ ചേരുമെന്നല്ല അതിന് അർഥമെന്നും ജനപക്ഷം എന്ന പ്രസ്ഥാനം ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ബിജെപിക്കാർ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് – സിപിഎം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ജനപക്ഷത്തിന്റെ ലക്ഷ്യം. നിയമസഭയില്‍ തനിക്കു സഹകരിക്കാന്‍ കഴിയുന്നത് ഒ. രാജഗോപാലുമായി മാത്രമാണ്. എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിനു ശ്രമിച്ചു. പ്രതികരിച്ചത് ബിജെപി മാത്രമാണ്. ബിജെപിയില്‍ ചേരില്ല, സഹകരണം മാത്രമാണുണ്ടാവുക. പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിക്കാരെന്നും ജോര്‍ജ് പരിഹസിച്ചു.

കോണ്‍ഗ്രസിനോടും ബിജെപിയോടും ജനപക്ഷത്തിന് ഇപ്പോള്‍ തുല്യ അകലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ മുന്നണി ബന്ധത്തെക്കുറിച്ചു തീരുമാനമെടുക്കുമെന്നും ജോർജ് പറഞ്ഞു.

related stories