Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനക്കയറ്റം: ഐഎഎസ്, ഐപിഎസ് പാനലിന് മന്ത്രിസഭാ അംഗീകാരം

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം∙ 1994 ഐഎഎസ് ബാച്ചിലെ രാഷേജ് കുമാര്‍ സിഹ്ന, സഞ്ജയ് ഗാര്‍ഗ്, എക്സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ മന്ത്രിസഭ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. 1994 ഐപിഎസ് ബാച്ചിലെ മനോജ് എബ്രഹാമിനെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പദവിയിലേക്കു സ്ഥാനക്കയറ്റത്തിനുളള പാനലില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. 

2001 ഐപിഎസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മയെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്കുമാര്‍ എന്നിവരെ ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 

മന്ത്രിസഭയുടെ മറ്റ് തീരുമാനങ്ങൾ

∙കേരള സര്‍വകലാശാലയുടെ സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിനു ബദല്‍ ക്രമീകരണം എന്ന നിലയ്ക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ ഉള്‍പ്പടുത്തി ഒരു സമിതി രൂപീകരിക്കുന്നതിനുളള ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. 

∙ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണു നിര്‍ത്തുന്നത്.

∙ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നല്‍കും.

∙ഓഗസ്റ്റിലെ പ്രളയകാലത്തു രക്ഷാപ്രവര്‍ത്തനം നടത്തിയ മൽസ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടത്തിനു പരിഹാരമായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കും

∙തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതുതായി ആരംഭിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ 106 അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും

∙ സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികളുടെ കമ്മീഷന്‍ പാക്കേജ് പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി എഎവൈ ഒഴികെയുളള എല്ലാ വിഭാഗങ്ങള്‍ക്കും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായി വര്‍ധിപ്പിക്കും. ഇതുവഴി മിച്ചം വരുന്ന 38.6 കോടി രൂപ വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈക്കോയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് ക്രമീകരിക്കുന്നതിന് നല്‍കുന്നതാണ്.

∙സൈനിക സേവനത്തിനിടെ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ വാങ്ങുന്ന ഭൂമിയുടെ റജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്യാന്‍ തീരുമാനിച്ചു. കോര്‍പറേഷനില്‍ അഞ്ച് സെന്‍റ്, മുനിസിപ്പാലിറ്റിയില്‍ പത്ത് സെന്‍റ്, പഞ്ചായത്തില്‍ ഇരുപത് സെന്‍റ് എന്ന പരിധിക്ക് വിധേയമായാണ് ഈ ഇളവ്. ഒരാള്‍ക്ക് ഒരു തവണ മാത്രമായിരിക്കും ഇളവു ലഭിക്കുക.