Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ അസാധാരണ സാഹചര്യങ്ങളെ നേരിട്ടു; പൊലീസുകാര്‍ക്ക് 1,000 രൂപ അലവന്‍സ്

sabarimala-police ഫയൽ ചിത്രം

തിരുവനന്തപുരം∙ ശബരിമലയില്‍ തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ക്ക് 1,000രൂപ അലവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്കാണ് അലവന്‍സിന് അര്‍ഹത. ശബരിമലയിലുണ്ടായ അസാധാരണ സാഹചര്യങ്ങളെ നേരിട്ടതിനാണ് അലവന്‍സ് നല്‍കുന്നത്.

15 ദിവസം തുടര്‍ച്ചയായി ജോലി ചെയ്യാത്തവര്‍ക്ക് അലവന്‍സിന് അര്‍ഹത ഉണ്ടായിരിക്കില്ല. അലവന്‍സ് സംബന്ധിച്ച് പൊലീസ് അസോസിയേഷന്‍ ഡിജിപിക്ക് കത്തു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി. ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണു തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡിഐജി മുതല്‍ അഡീഷനല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്.

നാല് ഘട്ടങ്ങളുള്ള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതലകള്‍ക്കായി ഉണ്ടാകും. 113 ഡിവൈഎസ്പിമാരും 359 ഇന്‍സ്പെക്ടര്‍മാരും 1,450 എസ്ഐമാരും ഡ്യൂട്ടിയിലുണ്ട്. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 60 വനിത സിഐ, എസ്ഐമാരേയും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ - സിവില്‍ പൊലീസ് ഓഫിസര്‍മാരെയും ശബരിമലയില്‍ നിയോഗിച്ചിട്ടുണ്ട്.