Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍ണാടകയില്‍ രണ്ടു മന്ത്രിമാര്‍ പുറത്തേക്ക്; വിമതസ്വരം ഒതുക്കാന്‍ കോണ്‍ഗ്രസും ദളും

hd-kumaraswamy കർ‌ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു∙ കര്‍ണാടക സഖ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം ഇന്ന് നടക്കാനിരിക്കെ, കോണ്‍ഗ്രസില്‍ നിന്ന് ആറ് പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും ഇതിനൊപ്പം രണ്ട് മന്ത്രിമാരേയും നീക്കിയേക്കുമെന്ന് സൂചന.

മന്ത്രിമാരായ രമേശ് ജാര്‍ക്കിഹോളി, ആര്‍.ശങ്കര്‍ എന്നിവരെയാണ് നീക്കാന്‍ സാധ്യത.  വിമതസ്വരം ഭയന്ന് ദള്‍ മന്ത്രിമാരെ നിയോഗിച്ചേക്കില്ല. ബിജെപിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയാല്‍ മറ്റു കാര്യങ്ങള്‍ ആലോചിക്കുമെന്നും ആര്‍. ശങ്കര്‍ പറഞ്ഞു. 

എഐസിസി സെക്രട്ടറി സതീഷ് ജാര്‍ക്കിഹോളി, സി.എസ് ശിവള്ളി, എം,ടി ബി നാഗരാജ്, എം.ബിപാട്ടീല്‍, ഇ.തുക്കാറാം, പരമേശ്വര്‍ നായിക്, ആര്‍.ബി തിമ്മാപുര, റഹീം ഖാന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഈ പേര് വിവരങ്ങള്‍ പുറത്ത് വന്നതോടെ സ്ഥാനം ലഭിക്കാതെ പോകുന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിമതസ്വരം ഉയര്‍ന്നുണ്ട്.

എച്ച്.കെ. പാട്ടീലിന് വേണ്ടിയും ബി.രാമലിംഗ റെഡ്ഡിക്ക് വേണ്ടിയും മക്കള്‍ രംഗത്ത് വന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ട് എച്ച്.കെ.പാട്ടീലിനെ തിരഞ്ഞെടുപ്പ് ഏകോപന ചുമതല ഏല്‍പിച്ചു. മന്ത്രി ഡി.കെ. ശിവകുമാറാണ് ഈ ചുമതല വഹിച്ചിരുന്നത്. വൈകിട്ട് 5.20നു സത്യപ്രതിജ്ഞയ്ക്ക് അവസരം തേടി മുഖ്യമന്ത്രി കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയെ സന്ദര്‍ശിക്കുന്നുണ്ട്.