Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ഉറക്കം കെടുത്തി രാഹുലിന്റെ വെല്ലുവിളി; കര്‍ഷകര്‍ക്കായി തല പുകച്ച് കേന്ദ്രം

narendra-modi-rahul-gandhi

ന്യൂഡൽഹി∙ രാജ്യത്തെ കർഷക പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി കോൺഗ്രസ് ഉയർ‌ത്തുന്ന വെല്ലുവിളികളെ മറികടക്കാൻ തല പുകച്ച് മോദി സർക്കാര്‍. പൊതുതിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തുയരുന്ന കര്‍ഷക രോഷം കോണ്‍ഗ്രസ് ആയുധമാക്കുന്നതിനു തടയിടാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കർഷകരെ അനുകൂലമാക്കുന്നതിനായി പ്രധാനമായും മൂന്ന് വഴികകളാണു പ്രധാനമന്ത്രിയുടെ പരിഗണനയിലുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കർഷകരുടെ പ്രതിമാസ വരുമാനത്തെ പിന്തുണയ്ക്കുന്നതിനായി പദ്ധതി, വിളകളുടെ യഥാർഥ വിലയും സർക്കാരിന്റെ സംഭരണ വിലയും തമ്മിലെ ന്യൂനത പരിഹരിക്കുന്നതിനു പദ്ധതി, പുതിയ വിള ഇന്‍ഷുറൻസ് പദ്ധതി എന്നിവയാണു പ്രധാനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണു വിവരം.

ഇതിൽ ഏതെങ്കിലും ഒന്നോ, അല്ലെങ്കിൽ മൂന്നും ചേര്‍ത്തുള്ള മാർഗങ്ങളോ ആയിരിക്കും പ്രഖ്യാപിക്കുകയെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്തിടെ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളിലേറ്റ തോൽവിയും കർഷകർക്കു പിന്തുണയേകുന്ന പദ്ധതികൾക്കു പ്രധാന്യം നൽകാൻ കേന്ദ്രത്തിന് പ്രേരണയായി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇതു നടപ്പാക്കാനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

കർഷകരുടെ വരുമാന വര്‍ധന ലക്ഷ്യമാക്കി പ്രതിമാസം നിശ്ചിത തുക വിനിയോഗിക്കുന്നതിലൂടെ 150 മില്യൻ കർഷക കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതു തിരഞ്ഞെടുപ്പിന് അനുകൂല വികാരമാക്കി മാറ്റാൻ സാധിക്കുമെന്നും  പ്രധാനമന്ത്രി സ്വപ്നം കാണുന്നു. അരി, സോയബീൻ, പരുത്തി എന്നിവയുടെ താങ്ങുവില സർക്കാർ കഴിഞ്ഞ ജൂലൈയിൽ ഉയർത്തിയിരുന്നു. സർക്കാർ‌ നിശ്ചയിച്ച തുക പ്രകാരം വിളകൾ വിൽക്കാന്‍ കർഷകർ തയാറാകുമ്പോൾ കർഷകർക്കു സർക്കാർ പണം നൽകാനാണ് ആലോചിക്കുന്നത്.

കാർഷിക ഇൻഷുറൻസ് പദ്ധതി നവീകരിക്കുകയെന്നതാണു മറ്റൊരു മാർഗം. അതേസമയം കേന്ദ്ര ധന, കാർഷിക മന്ത്രാലയങ്ങള്‍ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല. രണ്ടാം തവണയും പ്രധാനമന്ത്രിയാകുന്നതിന് മോദിക്കു കർഷക വികാരം അനുകൂലമാക്കിയേ തീരൂ. കാർഷിക കടങ്ങള്‍ എഴുതിത്തള്ളുകയെന്ന ആവശ്യം നിരവധി കർഷക സംഘടനകൾ കേന്ദ്രസർക്കാരിനോട് ഉന്നയിക്കുന്നുണ്ട്. അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽതന്നെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കടങ്ങൾ എഴുതിത്തള്ളാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇത് അടിയന്തര നടപടികളിലേക്കു കടക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദമേറ്റി.

കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പു വരുത്താൻ മറ്റു പ്രതിപക്ഷ കക്ഷികളുമായി കൈകോർത്ത് കോൺഗ്രസ് നീങ്ങും. മോദി ഇതു നടപ്പാക്കുന്നില്ലെങ്കിൽ 2019ൽ അധികാരത്തിലേറ്റിയാൽ തങ്ങൾ കടങ്ങൾ എഴുതിത്തള്ളുമെന്നും രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്.

related stories