Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷമ പറഞ്ഞ് സക്കർബർഗ്; അതുകൊണ്ടായില്ലെന്ന് യൂറോപ്പ്

facebook-zuckerberg

ബ്രസൽസ്∙ വിവരച്ചോർച്ചയുടെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക് മേധാവി മാ‍ർക്ക് സക്കർബർഗിനെ ‘നിർത്തിപ്പൊരിച്ച്’ യൂറോപ്യൻ പാർലമെന്റ്. ഏപ്രിലിൽ യുഎസ് കോൺഗ്രസിനു മുൻപാകെ ഹാജരായതിനു പിന്നാലെയാണു സക്കർബർഗ് കഴിഞ്ഞദിവസം യൂറോപ്യൻ പാർലമെന്റിൽ ഹാജരായത്. കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫെയ്സ്ബുക്കിൽനിന്ന് 8.7 കോടി അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്നതാണു വിവാദം. ഇതിന്റെ പേരിൽ ഇന്ത്യയും ഫെയ്സ്ബുക്കിനോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.

യുഎസ് കോൺഗ്രസിൽ വെളിപ്പെടുത്തിയ കാര്യങ്ങളിൽ കൂടുതലൊന്നും സക്കർബർഗ് ഇന്നലെയും പറഞ്ഞില്ല. ചോദ്യംചെയ്യൽ തൽസമയം സംപ്രേഷണം ചെയ്യുന്നതിനെ ആദ്യം എതിർത്തിരുന്നുവെങ്കിലും പിന്നീടു സമ്മതിച്ചു. രഹസ്യമായി ഹിയറിങ് നടത്താനുള്ള നീക്കത്തെ പാർലമെന്റ് അംഗങ്ങൾ ശക്തമായി എതിർത്തിരുന്നു. നേരത്തേ ഫെയ്സ്ബുക്കിലെ ഒരു ഉദ്യോഗസ്ഥനെ യൂറോപ്യൻ പാർലമെന്റിലേക്ക് അയയ്ക്കാമെന്നായിരുന്നു സക്കർബർഗിന്റെ നിലപാട്. എന്നാൽ, 50 കോടി ജനങ്ങളുടെ തിരഞ്ഞെടുത്ത സഭയിൽ വരാതിരിക്കുന്നതു വലിയ തെറ്റായിരിക്കുമെന്ന യൂണിയൻ പ്രസിഡന്റ് അന്റോണിയോ ടജാനിയുടെ ഭീഷണി കുറിക്കുകൊണ്ടപ്പോഴാണു നേരിട്ടു ഹാജരാകാൻ തയാറായത്. യൂറോപ്പിൽ പുതിയ സ്വകാര്യതാ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മൂന്നുദിവസം മുൻപായിരുന്നു ചോദ്യംചെയ്യൽ. ഡേറ്റ ചോർത്തലിനു കർശനമായ ശിക്ഷണ നടപടികൾ ഉൾപ്പെടുത്തിയതാണു നിയമം. 

അംഗങ്ങളുടെ ചോദ്യങ്ങളോടു സക്കർബർഗ് പ്രതികരിച്ചത്: 

∙ ഫെയ്സ്ബുക്കിൽനിന്ന് അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിനു മാപ്പുചോദിക്കുന്നു, ക്ഷമിക്കണം. 

∙ വിവരച്ചോർച്ച ഫലപ്രദമായി തടയുന്നതിനുള്ള നടപടികളെടുക്കാൻ ഫെയ്സ്ബുക്കിന് കഴിഞ്ഞ രണ്ടുവർഷം കഴിഞ്ഞില്ല. 

∙ പക്ഷേ, വിവരങ്ങൾ ഇനി ചോരില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. 

∙ വ്യാജവാർത്ത, തിര‍ഞ്ഞെടുപ്പുകളിലെ ബാഹ്യ ഇടപെടലുകൾ എന്നിവയുടെ കാര്യത്തിൽ ഞങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച സമഗ്ര കാഴ്ചപ്പാട് ഇല്ലായിരുന്നു. 

∙ യൂറോപ്പിലെ 27 ലക്ഷം പേരുടെ വ്യക്തിഗത വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക ചോർത്തിയിട്ടുണ്ട്. 

∙ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നു. ഇതിനു സമാനമായ നടപടികളാണു ഫെയ്സ്ബുക്കിൽ സ്വീകരിക്കുന്നത്. 

∙ ‘ക്ലിയർ ഹിസ്റ്ററി’ എന്ന പുതിയ ബട്ടൺ ഫെയ്സ്ബുക്കിൽ കൊണ്ടുവരുന്നുണ്ട്. ഫെയ്സ്ബുക് അംഗത്തിന്റെ ബ്രൗസിങ് ഹിസ്റ്ററി ഇതുപയോഗിച്ചു ഡിലീറ്റ് ചെയ്യാം. 

∙ സുരക്ഷയ്ക്കായി വൻനിക്ഷേപം നടത്തുന്നു. അതു ഞങ്ങളുടെ ലാഭത്തെ ബാധിക്കുമെങ്കിലും ഉപയോക്താക്കളുടെ സുരക്ഷയാണു പ്രധാനം. 

∙ യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിന്റെ കാര്യം തിരിച്ചറിയാൻ ഏറെ വൈകി. ഇതാവർത്തിക്കാതിരിക്കാൻ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സർക്കാരുകളുമായി ആശയവിനിമയം നടത്തും. 

പാർലമെന്റ് അംഗങ്ങളുടെ പ്രതികരണങ്ങളിൽനിന്ന്: 

∙ ക്ഷമാപണം കൊണ്ടു കാര്യമായില്ല. 

∙ നിങ്ങളുടെ കമ്പനി വളരെ വലുതും ശക്തവുമാണ്. ഫെയ്സ്ബുക്കിനെക്കുറിച്ച് അന്വേഷണം ആവശ്യമാണ്. അതിനെ കഷണങ്ങളാക്കേണ്ടി വരും. 

∙ പതിനഞ്ചോ പതിനാറോ തവണ നിങ്ങൾ ഇതിനകം മാപ്പു പറഞ്ഞതാണ്. ഇനിയും ഇതു പറയുന്നതിലെന്തു കാര്യം? 

∙ കേംബ്രിജ് അനലിറ്റിക്ക സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്കു സക്കർബർഗ് രേഖാമൂലം മറുപടി തരേണ്ടി വരും.