Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്1ബി വീസ പരിഷ്കാരം: ഉന്നത യുഎസ് ബിരുദമുള്ളവർക്കു മെച്ചം

വാഷിങ്ടൻ ∙ യുഎസിൽ നിന്നു മാസ്റ്റേഴ്സ് ബിരുദം എടുത്തവർക്കു മുൻതൂക്കം കിട്ടുന്ന വിധം എച്ച്1ബി വീസ നടപടിക്രമങ്ങൾക്കു പ്രാഥമികരൂപമായി. ഇതു സംബന്ധിച്ച് ജനുവരി 3 വരെ ആക്ഷേപങ്ങൾ സമർപ്പിക്കാം. അതിനു ശേഷമേ പുതിയ നടപടിക്രമം നിലവിൽ വരൂ.

പുതിയ നടപടിക്രമം

യുഎസിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദമോ അതിലും ഉയർന്ന യോഗ്യതയോ ന‌േടിയിട്ടുള്ള 20,000 പേരെ പ്രത്യേകമായി ആദ്യം തിരഞ്ഞെടുക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. ഗ്രാജുവേറ്റ്, അണ്ടർഗ്രാജുവേറ്റ് യോഗ്യതയുള്ളവർക്കും കൂടി അപേക്ഷിക്കാവുന്ന ജനറൽ വിഭാഗത്തിൽ 65,000 എച്ച്1ബി വീസ എന്ന പരിധിയിൽ പെടുത്തി ബാക്കിയുള്ളവരെ പിന്നീടും. ആദ്യത്തേതിൽ വീസ കിട്ടാതെ വരുന്ന ഉന്നതബിരുദക്കാർ രണ്ടാമത്തേതിൽ ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു ചെയ്തു വന്നിരുന്നത്. ഇതിനു പകരം എല്ലാ ഉദ്യോഗാർഥികളെയും ഇനി ഒന്നിച്ചു പരിഗണിക്കും.

ഇങ്ങനെ ചെയ്യുന്നതു വഴി യുഎസ് മാസ്റ്റേഴ്സ് ബിരുദമുള്ളവർ കൂടുതലായി 65,000 എന്ന പരിധിയിൽ ഉൾപ്പെട്ട് തന്നെ ആദ്യം തിരഞ്ഞെടുക്കപ്പെടും. ഉന്നത യുഎസ് ബിരുദമുള്ള 5000 പേരെങ്കിലും ഇങ്ങനെ അധികമായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. യുഎസിനു പുറത്ത് ഉന്നത ബിരുദമെടുത്തിട്ടുള്ളവരുടെ സാധ്യത കുറയ്ക്കുന്നതാണ് പരിഷ്കാരം.

സിലക്‌ഷൻ ഇങ്ങനെ

തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപു തന്നെ ഓരോ ഉദ്യോഗാർഥിയുടെയും സമ്പൂർണ അപേക്ഷ യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) കമ്പനികൾ മുൻകൂട്ടി സമർപ്പിക്കുന്നതിനു പകരം ഇനി ഓൺലൈനായി അവരെ റജിസ്റ്റർ ച‍െയ്താൽ മതി. ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെട്ടശേഷമേ അവർക്കായുള്ള തുടർനടപടികൾ കമ്പനികൾ സ്വീകരിക്കേണ്ടതുള്ളൂ. ഓരോ അപേക്ഷയും അതോടൊപ്പമുള്ള അനുബന്ധരേഖകളും പരിശോധിച്ചു നോക്കുന്നതു വഴി ഇപ്പോൾ യുഎസ്‌സിഐഎസിനുള്ള അമിതമായ ജോലിഭാരം ഇതോടെ ഇല്ലാതാകും. സിലക്‌ഷൻ നടപടികൾ അതിവേഗം തീരുകയും ചെയ്യും.