ADVERTISEMENT

മരണം അടുക്കുന്ന സമയം പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ഓടിയെത്തുന്നവരാണ് മനുഷ്യർ. അത്തരത്തിൽ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന പ്രിയപ്പെട്ട ഒന്നിനെ കാണാനായി വാഷിങ്ടനിലെ ടൈഡൽ ബേസിൻ റിസർവോയറിന് സമീപത്തേക്ക് നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി എത്തുന്നത്. ഇവിടെ മരണം കാത്തുകഴിയുന്നത് മനുഷ്യരാരുമല്ല, ഒരു മരമാണ്. ജാപ്പനീസ് ചെറി ബ്ലോസം മരമായ സ്റ്റംപിക്ക് യാത്രയയപ്പു നൽകുന്നതിനാണ് ജനങ്ങൾ ഇവിടെ തടിച്ചുകൂടുന്നത്. പേരു പോലെ മെലിഞ്ഞുണങ്ങിയ രൂപമുള്ള സ്റ്റംപി കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലമായി ഭൂമിയിൽ വരുത്തേണ്ടിവരുന്ന മാറ്റങ്ങൾ മൂലം മുറിച്ചു മാറ്റപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കടൽഭിത്തിയിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റാൻ ഭരണകൂടം തീരുമാനിച്ചത്. പ്രദേശത്ത് വെട്ടി മാറ്റപ്പെടുന്ന 158 ചെറി ബ്ലോസം മരങ്ങളുടെ പട്ടികയിൽ സ്റ്റംപിയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു.

 2020 ൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു ചിത്രത്തിലൂടെയാണ് സ്റ്റംപിക്ക് അമേരിക്കയിലുടനീളം ആരാധകരുണ്ടായത്. പിന്നീടിങ്ങോട്ട് സ്റ്റംപിയുടെ പേരിലുള്ള ടീഷർട്ടുകളും കലണ്ടറുകളുമൊക്കെ പുറത്തിറങ്ങി. അങ്ങനെ നേരിട്ട് സ്റ്റംപിയെ കാണാനായി മാത്രം ഇവിടെത്തിയവർ പോലുമുണ്ട്. 

(Photo: X/@dcstormchaser)
(Photo: X/@dcstormchaser)

മറ്റു ചെറി ബ്ലോസം മരങ്ങളെക്കാൾ പ്രത്യേകതകൾ ഒന്നും ഇല്ലാതിരുന്നിട്ടും ധാരാളം ഫാൻസുമായി സ്റ്റംപി ഒരു സൂപ്പർസ്റ്റാറായി വിലസുന്നതിനിടെയാണ് അത് മുറിച്ചുമാറ്റാനുള്ള തീരുമാനം വന്നത്. ശോചനീയാവസ്ഥയിലായിട്ടും എല്ലാ വേനലിലും നിറഞ്ഞു പൂക്കുന്ന മരത്തെ പ്രതീക്ഷയുടെയും അതിജീവനത്തിന്റെയുമൊക്കെ പ്രതീകമായും ആളുകൾ കണക്കാക്കിയിരുന്നു. എന്നാൽ ജലനിരപ്പിൽ ഉണ്ടായ ക്രമാതീതമായ വർധന മൂലം സ്റ്റംപിയുടെ വേരുകളുടെ ബലം ക്ഷയിച്ച അവസ്ഥയിലാണ്. ഇത്രത്തോളം ആളുകൾ ഇഷ്ടപ്പെടുന്ന മരമായിട്ടും അതിന് ആയുസ്സ് അധികമില്ല എന്ന തിരിച്ചറിവുതന്നെയാണ് മുറിച്ചു മാറ്റപ്പെടുന്ന മരങ്ങളുടെ കൂട്ടത്തിൽ സ്റ്റംപിയെ ഉൾപ്പെടുത്താനുള്ള കാരണവും.

1912 മുതൽ സ്റ്റംപി ഇവിടെയുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി ജപ്പാനിൽനിന്നു സമ്മാനമായി ലഭിച്ചതാണ് ഈ മരം. അതു മുറിച്ചു മാറ്റാൻ തീരുമാനമായതോടെ ഏതാനും ദിവസം മുൻപ് ജാപ്പനീസ് എംബസിയിലെ ഉദ്യോഗസ്ഥരും ഇവിടെയെത്തി സ്റ്റംപിക്ക് ആദരം അർപ്പിച്ചിരുന്നു. സ്റ്റംപിക്കും മറ്റ് ചെറി ബ്ലോസം മരങ്ങൾക്കും ഇത്രയും കാലം വേണ്ട പരിചരണവും ശ്രദ്ധയും നൽകിയ നാഷനൽ പാർക്കിന് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റും ജാപ്പനീസ് എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്റ്റംപി ഇവിടെനിന്നും പോയാലും പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പാരമ്പര്യം അതിന്റെ ഓർമകളിലൂടെ നിലനിൽക്കുമെന്നും എംബസി കുറിച്ചു.

(Photo: X/@babesandballers)
(Photo: X/@babesandballers)

നിലവിൽ വേലി കെട്ടിത്തിരിച്ച നിലയിലാണ് സ്റ്റംപി. അവസാനമായി സ്റ്റംപിക്കൊപ്പം നിന്ന് ചിത്രം എടുക്കാൻ ഇവിടെയെത്തുന്നവർ തിരക്ക് കൂട്ടുന്നു. ഇത്രയും പ്രിയപ്പെട്ട മരം മുറിച്ചു മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തുന്നവരുമുണ്ട്. സ്റ്റംപിയെ സംരക്ഷിക്കുക എന്നെഴുതിയ ധാരാളം ബാനറുകളും പോസ്റ്ററുകളും വേലിക്കെട്ടുകളിൽ കാണാം. മരത്തെ സംരക്ഷിക്കാനായി ആരംഭിച്ച ഓൺലൈൻ പെറ്റീഷനിലും നൂറുകണക്കിനാളുകൾ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ആരാധകരുടെ വിഷമം മനസ്സിലാക്കാനാവുന്നുണ്ടെങ്കിലും മരം മുറിച്ചു മാറ്റുകയല്ലാതെ നിവൃത്തിയില്ല എന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ. 

കടൽഭിത്തിയുടെ പുനർനിർമാണത്തിനായി 113 ദശലക്ഷം ഡോളറിന്റെ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.  ഇത്തരത്തിൽ ഭീഷണി നേരിടുന്ന മരങ്ങൾ നീക്കം ചെയ്ത് വെള്ളം കയറുന്നതിന് തടയിടാത്തപക്ഷം കൂടുതൽ മരങ്ങൾക്ക് നാശം സംഭവിക്കാൻ ഇടയുണ്ട്. കാലപ്പഴക്കവും ബലക്ഷയവും മൂലം, ട്രാൻസ്പ്ലാന്റ് ചെയ്താലും നിലനിൽക്കാത്ത അവസ്ഥയിലാണ് സ്റ്റംപി. അതിനാൽ അതീവ ദുഃഖത്തോടെയാണെങ്കിലും മരം മുറിച്ചു നീക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് അധികൃതർ. സമൂഹമാധ്യമങ്ങളിലൂടെ ഈ വാർത്ത പുറത്തുവന്നതോടെ പ്രിയപ്പെട്ടവ നഷ്ടപ്പെടുന്ന സാഹചര്യം കൺമുന്നിൽ കാണുമ്പോഴെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത മനസ്സിലാക്കി ആളുകൾ കൂടുതൽ ജാഗ്രതയോടെ ജീവിക്കും എന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നവരുമുണ്ട്.

English Summary:

Scores of Visitors Gather by Tidal Basin to Honor 'Stumpy'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com