ADVERTISEMENT

സസ്യജാലങ്ങൾക്ക് വളരാൻ യാതൊരു സാഹചര്യവും ഇല്ലാത്ത അവസ്ഥയിൽ നിന്ന് നിത്യഹരിത വനത്തിലേക്ക് ഒരു പ്രദേശം വികസിക്കുന്നത് സസ്യജാല പിന്തുടർച്ച തത്വം അനുസരിച്ചാണ്. വനങ്ങളിലെ പാറപ്പുറത്ത് ഉൾപ്പെടെ ധാരാളമായി സൂര്യപ്രകാശം പതിക്കുന്നുണ്ട്. പ്രകാശസംശ്ലേഷണ (Photocynthesis) പ്രക്രിയയിലൂടെയാണ് സസ്യജാലങ്ങളിൽ ജൈവസമ്പത്ത് (Biomass) രൂപപ്പെടുന്നത്. സൂര്യപ്രകാശം പോലെ തന്നെ പ്രധാനമാണ് വെള്ളവും. ഓരോ മഴക്കാലങ്ങളിലും വീഴുന്ന മഴവെള്ളത്തിൽ കുറെ ഭാഗം എങ്കിലും പാറപ്പുറത്ത് കെട്ടി നിൽക്കാറുണ്ട്. ഇങ്ങനെ കെട്ടിനിൽക്കുന്ന ജലത്തിലും നനവുള്ള പ്രദേശങ്ങളിലും സൂര്യപ്രകാശം ഏൽക്കുമ്പോൾ ചെറുജീവികളും പായൽ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളെയും രൂപപ്പെടുന്നതാണ്.

സൂര്യപ്രകാശവും മഴയും മാറിമാറി ലഭിക്കുന്നതിനാൽ ചെറു സസ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്ന കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന വ്യത്യാസമനുസരിച്ച് കുറെ സസ്യ ഭാഗങ്ങൾ നിലനിൽക്കുകയും നല്ലൊരു ഭാഗം അവിടെ തന്നെ കിടന്നു പൊടിഞ്ഞ് വെള്ളവുമായി ചേർന്ന് മറ്റുള്ളവർക്ക് വളമായി മാറുകയും ചെയ്യും. പാറയിൽ ഏൽക്കുന്ന ചൂട്, മഴക്കാറ്റ്, മർദവ്യത്യാസം, അന്തരീക്ഷത്തിലെ വിവിധ ഘടകങ്ങൾ എന്നിവയുടെ പ്രവർത്തനഫലമായി പാറ പൊടിഞ്ഞു മണ്ണ് ഉണ്ടാവാനും സാധ്യതയുണ്ട്. കാലക്രമേണ ഇത്തരം മണ്ണിൽ ചെറു സസ്യാവിശിഷ്ഠങ്ങൾ കൂടിചേരുകയും സസ്യങ്ങളും കുറ്റിച്ചെടികളും സൂക്ഷ്മജീവികളും അടങ്ങുന്ന ആവാസവ്യവസ്ഥ രൂപപ്പെടുകയും ചെയ്യും. തുടർന്ന് പുൽവർഗ്ഗങ്ങൾ, കുറ്റിചെടികൾ എന്നിവ സ്വാഭാവികമായും വികസിക്കും. ശൂന്യാവസ്ഥയിൽ നിന്ന് ആദ്യം രൂപപ്പെടുന്ന സസ്യവർഗ്ഗങ്ങളെ Zerophytic എന്നും കുറേക്കൂടി പുരോഗമിച്ചതിനു ശേഷം വളർന്നുവരുന്ന സസ്യവർഗ്ഗങ്ങളെ ( Mezophytic ) എന്നും വിളിക്കപ്പെടുന്നു. അനേകം നൂറ്റാണ്ടുകളിലെ വിവിധ പ്രവർത്തന പ്രതി പ്രവർത്തന ഫലമായി മണ്ണിന്റെ അളവ് സ്വാഭാവികമായി വർധിക്കുകയും ധാരാളമായി ജൈവവിശിഷ്ടങ്ങൾ അടിഞ്ഞുകൂടുകയും ചെയ്യും.

Representative Image (Credit: G Trade/ Istock)
Representative Image (Credit: G Trade/ Istock)

വിവിധ രൂപങ്ങളിൽ ഉണ്ടാകുന്ന മണ്ണിൽ ജൈവാവിശിഷ്ടങ്ങൾ അടിഞ്ഞു കൂടാറുണ്ട്. ഇത്തരം പ്രദേശങ്ങളിൽ സൂര്യപ്രകാശത്തിന്റെയും മഴയുടെയും കൂടി സഹായത്താൽ ചെറുജീവി വർഗ്ഗങ്ങൾ ഉൾപ്പെടെ രൂപപ്പെടുന്നു. മണ്ണിൽ ധാരാളമായി ഈർപ്പം നിലനിൽക്കുവാനും മഴവെള്ളം കിനിഞ്ഞിറങ്ങുവാനുമുള്ള ശേഷി വർധിക്കുകയും ചെയ്യും. വെള്ളം കൂടുതൽ തങ്ങിനിൽക്കുന്ന പ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങളെ Hydrophytic വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also: ഒരു രാജ്യത്തിന്റെ വലുപ്പം, ഇന്ന് മരണാവസ്ഥയിൽ; ഇത് ലോകംകണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തം

കുറ്റിക്കാടുകൾ രൂപപ്പെടുന്ന അവസ്ഥയിൽ നിന്ന് വീണ്ടും കുറേക്കൂടി പുരോഗമിച്ച് ചെറുമരങ്ങളും പടരുന്ന വള്ളികളും പുൽമേടുകളും ഉണ്ടാകുന്നു. ഇവ വൻമരങ്ങൾ ഉൾപ്പെടെയുള്ള നിത്യഹരി അവസ്ഥയിലേക്ക് മാറുകയും ചെയ്യും. കേരളം പോലുള്ള ഭൂമധ്യരേഖാ പ്രദേശത്ത് കിടക്കുന്ന ഉഷ്ണമേഖലയിലാണ് നിത്യഹരിത വനങ്ങൾ കാണപ്പെടുന്നത്. പായലുകളിൽ തുടങ്ങി നിത്യഹരിത വനം വരെ എത്തുന്ന വിവിധ കാലഘട്ടങ്ങളിൽ ധാരാളം സസ്യങ്ങൾ ഉണ്ടാവുകയും നശിക്കുകയും വീണ്ടും വ്യത്യസ്ത രീതിയിൽ കൂടി ചേർക്കുകയും ചെയ്യും.

ഓരോ പ്രദേശത്തും അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് വിവിധ സസ്യജാലങ്ങൾ രൂപപ്പെടുകയും വളരുകയും നശിക്കുകയും പുനർജീവിപ്പിക്കുകയും ചെയ്യുക എന്ന സുസ്ഥിര പരിസ്ഥിതിയിൽ ആവർത്തിച്ചാവർത്തിച്ച് നിലനിൽക്കുന്ന സസ്യ വർഗ്ഗങ്ങളെ ജൈവവളർച്ച അവസ്ഥ (Climax Specieses) എന്ന് പറയുന്നു. ഉത്തരം ആവാസവ്യവസ്ഥയുള്ള പ്രദേശങ്ങളെ (Climatic Climax) ഉച്ചകാലാവസ്ഥയിൽ എത്തി എന്ന് പറയാവുന്നതാണ്.

ഒരു പ്രദേശത്തിന്റെ സസ്യ വികസന തുടർ വളർച്ച (Progression) പ്രക്രിയ നടക്കുന്നതിനിടയിൽ വിവിധ കാലഘട്ടങ്ങളിലോ കാലാവസ്ഥാ വ്യതിയാനം, ഭൂമി കുലുക്കം, വനനശീകരണം, തീയിടൽ എന്നിവ സംഭവിച്ചാൽ പുരോഗമനത്തിന് ((Progression) പകരം അധോഗമനം (Retrogression) സംഭവിക്കും. വീണ്ടും അധോഗമനത്തിന് കാരണമായ ഘടകങ്ങൾ കുറയുമ്പോൾ പുരോഗമനം നടക്കും. ഉരുൾപൊട്ടൽ ഉൾപ്പെടെ സംഭവിക്കുന്ന സ്ഥലങ്ങളിൽ പോലും കാലം കഴിയുന്നതിനനുസരിച്ച് വന്ന ആവാസവ്യവസ്തു രൂപപ്പെടാറുണ്ട്. മനുഷ്യ ഇടപെടലുകൾ കുറയുന്ന സ്ഥലങ്ങളിലെ മണ്ണിൽ അവയുടെ ഈർപ്പം നിലനിൽക്കുവാനുള്ള കഴിവും ജല ആഗിരണ നിർഗമന ശേഷിയും ജൈവവളപുഷ്ടിയും സ്വാഭാവികമായി വർധിച്ച് കാലാവസ്ഥയ്ക്ക് അനുസരണമായ സുസ്ഥിര പരിസ്ഥിതി ഉണ്ടാകുന്നു.

Representative Image (Credit:fotoVoyager/ Istock)
Representative Image (Credit:fotoVoyager/ Istock)

ഓരോ ആവാസവ്യവസ്ഥയിലേയും കൊഴിഞ്ഞുവീഴുന്ന സസ്യഭാഗങ്ങളും മരിച്ചുപോകുന്ന ജീവജാലങ്ങളും അവിടെത്തന്നെ കിടന്ന് അഴുകി മണ്ണിനെ കൂടുതൽ സുസ്ഥിരമാക്കാൻ സഹായിക്കും. ഏതെങ്കിലും ഒരു വർഗ്ഗം കൂടുകയോ കുറയുകയോ ചെയ്താൽ പോലും പ്രകൃതി സ്വാഭാവികമായി ബാലൻസ് നിലനിർത്തി ആവാസവ്യവസ്ഥ സുസ്ഥിരമായി സൂക്ഷിക്കുന്നതാണ്.

പ്രകൃതിയുടെ പ്രതിഭാസങ്ങളായ ഭൂകമ്പം, സുനാമി, ഭൂമികുലുക്കം, അഗ്നിപർവ്വത എന്നിവയും മനുഷ്യരുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഇടപെടലുകളുടെ ഫലമായും ആവാസവ്യവസ്ഥയിലെ വിവിധ ഘടകങ്ങൾക്ക് ഏറ്റക്കുറിച്ചിലുണ്ടാകാം. വന ആവാസ പരിസ്ഥിതിയിൽ വിവിധ തലത്തിലുള്ള സസ്യ വ്യവസ്ഥയാണുള്ളത്. പുൽച്ചെടികൾ മുതൽ വൻമരങ്ങൾ വരെയുള്ള വിവിധതല വ്യവസ്ഥയ്ക്ക് (Multier canopy system) വലിയ പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതൽ ചൂടും പ്രകാശവും ആവശ്യമുള്ള വൻമരങ്ങൾ അവയെ നേരിട്ട് സ്വീകരിക്കുന്നത് കൂടി കൊണ്ടാണ് വിവിധതല സസ്യ വ്യവസ്ഥയിലെ ചെറു ചെടികളിലും സസ്യങ്ങളിലും പുൽച്ചെടികളിലും സൂര്യതാപം നേരിട്ട് ഏൽക്കാത്ത സാഹചര്യമുണ്ടാകുന്നത്. മഴയുടെ ശക്തിയും ഊർജവും ഉഷ്ണമേഖല പ്രദേശങ്ങളിൽ താരതമ്യേന വർധിച്ചതായതിനാൽ അവയുടെ ആഘാതം കുറയ്ക്കുന്നത് താരതമ്യേന ശക്തി കൂടിയ വൻമരങ്ങളും ഇലകളും തന്നെയാണ്.

Read Also: മൃഗലോകത്തുമുണ്ട് തിരഞ്ഞെടുപ്പുകൾ; ജീവികൾ നേതാക്കളെ തിരഞ്ഞെടുക്കുന്ന വിവിധവഴികൾ.

വിവിധതരങ്ങളിലുള്ള സസ്യവ്യവസ്ഥയിൽ മഴവെള്ളം ആദ്യം വീഴുന്നത് ഉയർന്ന മരങ്ങളിലും ഇലകളിലുമാണ്. സ്വാഭാവികമായും തൊട്ട് താഴെയുള്ള സസ്യജാലങ്ങളിലേക്ക് എത്തുമ്പോൾ അവയുടെ ശക്തി കുറവായിരിക്കും. അതുകൊണ്ടുതന്നെ മണ്ണൊലിപ്പ് (Splash crash) ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വിവിധ നിലകളിലുള്ള ചെടികളിലെ ഇലകളിൽ പതിക്കുന്ന മഴത്തുള്ളികളുടെ ഒരു ഭാഗം മണ്ണിലെത്തുമ്പോൾ അവിടെ പുൽവർഗ്ഗങ്ങൾ ഉള്ളതിനാൽ മണ്ണൊലിപ്പിന്റെയും നീരൊഴുക്കിന്റെയും തീവ്രതയും സാധ്യതയും ഇല്ലാതാകുന്നു. മാത്രമല്ല മഴ കുറയുമ്പോൾ വേനൽക്കാലത്തിനു മുൻപേ മരങ്ങളും ചെടികളും ധാരാളമായി ഇലകളും ചില്ലകളും പൊഴിക്കാറുണ്ട്. ഇവയും വേനൽക്കാലത്തെ പ്രതിരോധിക്കുവാൻ പുതപ്പ് പോലെ പ്രവർത്തിക്കും. മാത്രമല്ല വേനൽക്കാലത്ത് പൊടിഞ്ഞു മണ്ണിൽ കിടക്കുന്നതാണ്. തുടർന്ന് ഉണ്ടാകുന്ന മഴയിൽ ഇലകളും ചെടികളും ചില്ലകളും മണ്ണും വെള്ളവും എല്ലാം കൂടി ചേർന്ന് കുഴമ്പ് രൂപത്തിലും ചെറുകട്ടകളായി മാറുകയും ചെയ്യും ഓരോ ചെറുകട്ടകൾക്കുള്ളിലും ചെറു സുഷിരങ്ങളും (MicroPour) വിവിധ കട്ടകൾക്കിടയിൽ വലിയ സുഷിരങ്ങളും (Macro pour) രൂപപ്പെടുന്നു. തുടർന്നുണ്ടാകുന്ന മഴക്കാലിലെ കോടിക്കണക്കിന് ലീറ്റർ മഴത്തുള്ളികൾ ധാരാളമായി ചെറുതും വലുതുമായ മൺകട്ടകൾക്കുള്ളിലെയും മൺകട്ടകൾക്കിടയിലെയും സുഷിരങ്ങൾക്കിടയിൽ കരുതിവയ്ക്കും.

(Credit:Karel Stipek/ Istock)
(Credit:Karel Stipek/ Istock)

മഴ കുറയുമ്പോൾ ചൂടു വർധിക്കാൻ ആരംഭിക്കും. ചൂടുള്ള വായുവിന്റെ ആഘാതത്തിൽ മൺകട്ടകൾക്കിടയിലെ വലിയ സുശിരങ്ങളിൽ നേരത്തെ ശേഖരിച്ചിരുന്ന മഴവെള്ളത്തിന്റെ കുറെ ഭാഗം ബാഷ്പീകരിക്കും. മറ്റൊരു ഭാഗം മണ്ണിൽ കിനിഞ്ഞിറങ്ങുകയും ചെയ്യുന്നു. ഇതോടൊപ്പം കുറെ വെള്ളം സസ്യങ്ങളും വലിച്ചെടുക്കുന്നു. വലിയ സുഷിരങ്ങളിലെ വെള്ളം കുറയുന്നതിനനുസരിച്ച് വീണ്ടും ചൂടുള്ള വായു മൺകട്ടുകൾക്കുള്ളിലെ ചെറു സുഷിരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളത്തെയും സ്വാധീനിക്കും. സ്വാഭാവികമായും മൺകട്ടകൾ പൊടിയുന്നു. അപ്പോൾ മൺകട്ടകളിലെ ഓരോ ചെറു സുഷിരങ്ങളിലും സൂക്ഷിച്ചിരുന്ന മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം സസ്യങ്ങൾക്ക് തന്നെ ലഭിക്കും. അങ്ങനെ മഴക്കാലത്തെ വെള്ളത്തെ കരുതിയും മൺസുഷിരങ്ങളിൽ ശേഖരിച്ചും മൺകട്ടകൾ പൊടിഞ്ഞും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വെള്ളം എല്ലാ കാലത്തേക്കും സസ്യലതാദികൾ കരുതുന്നത്.

പായൽ മുതൽ വൻമരങ്ങൾ വരെ സ്വയം രൂപപ്പെടും. സ്വാഭാവികമായി വളർന്നും കുറെ ഭാഗം നശിച്ചും അവയുൾപ്പെടെ പുനരുജ്ജീവിച്ചും ഉത്ഭവത്തിന്റെയും വളർച്ചയുടെ വിവിധ പതിപ്പുകളായാണ് നിത്യഹരിതവനങ്ങൾ സൃഷ്ടിക്കപ്പെടുന്നതും നിലനിൽക്കുന്നതും. സ്വന്തമായി ആവാസവസ്തു സൃഷ്ടിച്ച് വ്യന്യസിച്ച് വിരാജിക്കുന്ന നിത്യഹരിത വനങ്ങൾ തനതും നവരിട്ടതുമായ പരിസ്ഥിതി വ്യൂഹമായി ഭൂമിയിൽ കാണപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com