ലോകത്തിലെ ഏറ്റവും വൃത്തികെട്ട പൂന്തോട്ടത്തിനുള്ള രാജ്യാന്തര അവാർഡ് ഓസ്ട്രേലിയൻ വനിതയ്ക്ക്
Mail This Article
പൂന്തോട്ടങ്ങൾ എല്ലാവർക്കുമിഷ്ടമാണ്. പൂക്കളും അലങ്കാരപ്പുല്ലുകളും വിവിധയിനം ചെടികളുമൊക്കെ നിൽക്കുന്ന പൂന്തോട്ടരംഗം ധാരാളം പേർ ജോലി ചെയ്യുന്ന മേഖലയാണ്. മികവേറിയ പൂന്തോട്ടങ്ങൾക്കായി ധാരാളം അവാർഡുകളും നൽകാറുണ്ട്. എന്നാൽ ഈയടുത്തിടെ ഒരു അവാർഡ് വാർത്ത ശ്രദ്ധ നേടി. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പൂന്തോട്ടം. ഈ കാറ്റഗറിയിൽ രാജ്യാന്തര പുരസ്കാരം നേടിയിരിക്കുന്നത് ഓസ്ട്രേലിയയിലെ ഒരു വനിതയാണ്. ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ നിന്നുള്ള കാത്‌ലീൻ മുറേയ്ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. വലിയ പുരസ്കാരത്തുകയൊന്നും ഇവർക്കില്ല. വേൾഡ് അഗ്ലിയസ്റ്റ് ലോൺ എന്നെഴുതിയിരിക്കുന്ന ഒരു ടീഷർട്ടാണ് പുരസ്കാര സമ്മാനമായി കാത്‌ലീന് ലഭിച്ചത്.
53 വയസ്സുകാരിയും നാലുമക്കളുടെ അമ്മയുമായ കാത്‌ലീന് തന്റെ വീടിനു ചുറ്റിനുമുള്ള പരിസരം ലാൻഡ്സ്കേപ്പിങ് ഒക്കെ നടത്തി നല്ലൊരു പൂന്തോട്ടമുണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പിന്നീട് ആ മോഹമുപേക്ഷേച്ചു. അവിടെ കുറ്റിച്ചെടികളും മറ്റും വളർന്നു. വല്ലാബി, കംഗാരുസ ബൻഡിക്കൂട്ട് തുടങ്ങിയ ഓസ്ട്രേലിയൻ ജീവികളും ഇവിടെ സന്ദർശനത്തിനെത്തി. ചിലത് ഇവിടെ താവളവുമടിച്ചു.
സ്വീഡനിലെ ഗോട്‌ലൻഡ് ദ്വീപിൽ നിന്നുള്ള രാജ്യാന്തര പാനലാണ് അവാർഡ് നൽകുന്നത്. പുരസ്കാര നിർണയ സമിതിയിൽ അയർലൻഡ്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്. ഗോഡ്‌ലൻഡ് ദ്വീപ് വൻവരൾച്ചയെ നേരിട്ട ദ്വീപാണ്. ജലസംരക്ഷണവിഷയത്തിൽ രാജ്യാന്തരശ്രദ്ധ ക്ഷണിക്കാനായാണ് ദ്വീപിലെ പാനൽ ഈ മത്സരം നടത്തുന്നത്. ജലം അമൂല്യമാണെന്നും അത്യാഢംബര പൂന്തോട്ടങ്ങൾക്കും മറ്റുമായി ജലം അമിതമായി പാഴാക്കരുതെന്നുമാണ് പുരസ്കാരം നൽകുന്ന സന്ദേശമെന്ന് ദ്വീപിലെ അധികൃതർ പറയുന്നു.